അടൂർ :ശുദ്ധജല വിതരണ പദ്ധതിയുണ്ടെങ്കിലും വരൾച്ചരൂക്ഷമായിട്ടും ഇതിന്റെ പ്രയോജനംലഭിക്കാത്തതിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു.ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിക്കാത്തതോടെ ജനം കൂടുതൽ ദുരിതത്തിലാണ്.പലയിടങ്ങളിലും പൈപ്പ് ജലമില്ലാതായിട്ട് ദിവസങ്ങളോളമായി.പ്രത്യേകിച്ചും അടൂർ നഗരസഭയുടെ ഉയർന്ന പ്രദേശങ്ങളിൽ.അടൂർ നഗരസഭയിലേയും സമീപ അഞ്ച് പഞ്ചായത്തുകളിലേയും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായാണ് കോടികൾ മുടക്കി അടൂർ ശുദ്ധജലവിതരണ പദ്ധതി നടപ്പിലാക്കിയത്.എന്നാൽ പൈപ്പ് പൊട്ടൽ തുടർക്കഥയായതൊടെ വരൾച്ചക്കാലത്ത് കുടിവെള്ള വിതരണം ഫലപ്രദമാകുന്നില്ല.ഇതിന് പരിഹാരമായാണ് പഴയ ആസ്ബസ്റ്റോസ് പൈപ്പുകൾ മാറ്റി ഉന്നത നിലവാരത്തിലുള്ള ഡി.ഐ പൈപ്പുകൾ സ്ഥാപിച്ചത്.നിർമ്മാണത്തിലെ അപാകത കാരണം ഇതിലും ചോർച്ചയാണ്.വാട്ടർ അതോറിറ്റിയിലെ ഒരു വിഭാഗവും ഉദ്യോഗസ്ഥരുടേയും കരാറുകാരുടേയും അനാസ്ഥ കാരണം ഉണ്ടായ അപാകതകൾ സംബന്ധിച്ച് ഇപ്പോൾ വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്.ഡി.ഐ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ അടൂർ സെൻട്രൽ ജംഗ്ഷൻ വരെമാത്രമാണ് പൂർത്തിയായത്.പള്ളിക്കൽ ഭാഗത്തേക്കുള്ള നിർമ്മാണം അനിശ്ചിതമായി നീളുകയാണ്.പൈപ്പിലെ ചോർച്ച കാരണം ഉയർന്ന മർദ്ദത്തിൽ വെള്ളം തുറന്നുവിടാൻ കഴിയുന്നില്ല.പി.ഡബ്ളു.ഡി ഒാഫീസിന് മുന്നിൽ രണ്ടിടത്ത് പൈപ്പ്പൊട്ടിയിട്ടുണ്ട്.ദിവസങ്ങളായി വെള്ളം പാഴാവുകയാണ്.ഇൗ ഭാഗത്തെ റോഡ് തകർന്ന് കുഴികൾ രൂപംകൊണ്ടു.ശക്തമായി ജലം ഒഴുക്കി വിടുന്നതിന് വാൽവുകൾ പൂർണതോതിൽ തുറക്കാൻ കഴിയാത്ത സ്ഥിതിയാണ്.പൈപ്പിലെ ചോർച്ചവർദ്ധിച്ച് റോഡ്തകരാൻ സാദ്ധ്യത ഏറെയാണ്.ഇത്കാരണം ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തിയിട്ട് ദിവസങ്ങളായി.ഒരുബക്കറ്റ് വെള്ളം ലഭിക്കാൻ ഒരുമണിക്കൂർ കാത്തുനിൽക്കേണ്ട അവസ്ഥയാണ്.വരൾച്ചയും രൂക്ഷമായിട്ടും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടി ഇനിയും സ്വീകരിച്ചിട്ടില്ല.നാട്ടുകാർ വാർഡ് മെമ്പർമാരോട് പരാതി പറഞ്ഞ് മടുക്കുന്നതല്ലാതെ പ്രയോജനം ഒന്നുമില്ല.ഇതിനെതിരെ പ്രതിഷേധം വ്യാപകമാണ്.

കെ.പി റോഡിലെ ഇപ്പോഴത്തെ ജലചോർച്ചക്ക് കാരണം പൊതുമരാമത്ത് ഒാട നിർമ്മാണത്തിനായി കുഴിയെടുത്തപ്പോൾ പൊട്ടിയതാണ്.

(ഇല അതോറിറ്റി ഉദ്യോഗസ്ഥർ)

ഇത് തികച്ചും അടിസ്ഥാന രഹിതമാണ്.റോഡിന്റെ ഒാരത്താണ് ഒാട നിർമ്മാണത്തിന് കുഴിയെടുത്തത്. ടാർ റോഡിന് അടിയിലുള്ള ഭാഗത്തെ ലീക്കാണ് ജലചോർച്ചക്ക് കാരണം.

മുരുകേഷ് കുമാർ,

(അസി.എൻജിനീയർ,

പൊതുമരാമത്ത് വകുപ്പ്)

ജലഅതോറിറ്റി ഉദ്യോഗസ്ഥർ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറുകയാണ്.കുടിവെള്ളം ലഭ്യമാക്കാതെ ജനങ്ങളുടെ ക്ഷമയെയാണ് പരീക്ഷിക്കുന്നത്.ശക്തമായ പ്രതിഷേധം വരും ദിവസങ്ങളിൽ ഉയരും.

അഡ്വ.ബിജുവർഗീസ്,

(നഗരസഭ കൗൺസിലർ, ഡി.സി.സി ജനറൽ സെക്രട്ടറി)