19-king-road

തണ്ണിത്തോട്: ബ്രിട്ടീഷ് ഭരണകാലത്തെ രാജപാതയായിരുന്ന മണ്ണീറ​ - വയക്കര റോഡ് അവഗണനയിൽ. തണ്ണിത്തോട്ടിൽ നിന്ന് അച്ചൻകോവിൽ ക്ഷേത്രത്തിലെക്കും വയക്കര, കല്ലേലി, കൊക്കാത്തോട് തുടങ്ങിയ പ്രദേശങ്ങളിലേക്കും പോകുന്നതിന് സമയവും ദൂരവും ലാഭിക്കാൻ കഴിയുന്ന റോഡാണിത്. റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വയക്കരമൂഴി പാലം കയറി വയക്കര, ആദിച്ചൻ പാറ, മണ്ണീറ വഴി മുണ്ടോമൂഴിയിലെത്തുന്ന 8 കിലോമീറ്റർ പാതയാണിത്. വനം വകുപ്പും കെ.എസ്.ഇ.ബിയും മാത്രമാണ് ഇപ്പോൾ ഇൗ പാത ഉപയോഗിക്കുന്നത്. കോന്നി വനം ഡിവിഷനിലെ ഉത്തരകുമരംപേരൂർ, കുമ്മണ്ണൂർ, കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന തേക്കു തോട്ടത്തി​ലൂടെയാണ് റോഡ് കടന്നു പോകുന്നത്. രാജഭരണകാലത്ത് വനം വകുപ്പിന്റെ മുണ്ടോമൂഴിയിലുണ്ടായിരുന്ന ബംഗ്ലാവിൽ നിന്ന് നടുവത്തുമൂഴി ബംഗ്ലാവിലേക്ക് യാത്ര ചെയ്തിരുന്നത് ഈ പാതയിലൂടെയായിരുന്നു. വർഷങ്ങൾക്ക് മുൻപ് തണ്ണിത്തോട് മേഖലയിലെ കുടിയേറ്റ കർഷകർ കർഷക ഉത്പ്പന്നങ്ങൾ വിൽക്കാനായി കല്ലേലി ചന്തയിലേക്ക് പോയിരുന്നതും ഈ റോഡിലൂടെയാണ്. റോഡ് നവീകരിച്ചാൽ തമിഴ്‌നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർക്ക് പുനലൂർ​ - മൂവാറ്റുപുഴ റോഡിൽ യാത്ര ചെയ്യുന്നതിനെക്കാൾ 40 കിലോമീറ്റർ ലാഭിക്കാനും തിരക്കുകളിൽ നിന്നൊഴിഞ്ഞ് വനത്തിലൂടെയുള്ള സുഗമമായ യാത്രയും സാദ്ധ്യമാകും.