പത്തനംതിട്ട: കൊറോണ സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നുളള കുടുംബത്തെ ചികിത്സിച്ച പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർ വീട്ടിൽ നിരീക്ഷണത്തിലായി. പനി ലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് ഡോക്ടറുടെ സ്രവങ്ങൾ ആലപ്പുഴ വൈറോളജി ലാബിൽ പരിശോധനയ്ക്കയച്ചു. ചൊവ്വാഴ്ച രാത്രി മുതലാണ് ഡോക്ടർ നിരീക്ഷണത്തിലായത്. തിരുവല്ലയിലെ ഒരു ഡോക്ടറും വീട്ടിൽ നിരീക്ഷണത്തിലാണ്. കൊറോണ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നവരെ ചികിത്സിച്ച ഡോക്ടറാണിത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധന നെഗറ്റീവായിരുന്നു.

പമ്പയിൽ 7554 തീർത്ഥാടകരെ മീന മാസപൂജ കാലയളവിൽ സ്‌ക്രീനിംഗ് നടത്തി. പനി ലക്ഷണങ്ങൾ കാണിച്ച രണ്ടുപേരെ ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരുന്നു. കൊറോണ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ പിന്നീട് നാട്ടിലേക്ക് അയച്ചു. ബോഡി ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ചാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.