കടമ്പനാട് : സ്പെഷ്യൽ പൊലീസിനും പൊലീസ് മെസിൽ ജോലി ചെയ്തവർക്കും ശബരിമല തീർത്ഥാടനം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും ശമ്പളം ലഭിച്ചില്ലന്ന് ആക്ഷേപം. . ശബരിമല ഡ്യൂട്ടിയുമായി ബ ന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ പൊലീസ് മെസുകളിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണത്തിനും 360 പേരെയാണ് നിയോഗിച്ചത്. ഒരു ദിവസം 640 രൂപയാണ് ശമ്പളം . കഴിഞ്ഞ സീസണിൽ ട്രഷറിയിൽ നിന്ന് നേരിട്ട് ജീവനക്കാരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു. സീസൺകഴിഞ്ഞ് 15 ദിവസത്തിനകം ആദ്യത്തെ 30 ദിവസത്തെ ശമ്പളവും അടുത്ത 15 ദിവസത്തിനുള്ളിൽ രണ്ടാമത്തെ 30 ദിവസത്തെ ശമ്പളവും കഴിഞ്ഞ സീസണിൽ നൽകിയിരുന്നു. ഈ സീസൺ കഴിഞ്ഞപ്പോഴെ ഇവരുടെ ശമ്പളം ദേവസ്വം ബോർഡ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിന് നൽകുകയും അവിടനിന്ന് ജില്ലാ പൊലീസ് ചീഫിന്റെ ഒാഫീസിലേക്ക് പണമെത്തുകയുംചെയ്തു. അക്കൗണ്ടുകൾ സ്പാർക്കുമായി ബന്ധിപ്പിച്ചേ ശമ്പളം നൽകാവൂ എന്ന് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് സർക്കുലർ വന്നെന്നും അതിനാലാണ് ശമ്പളം നൽകാൻ താമസിക്കുന്നതെന്നുമാണ് ശമ്പളം ചോദിച്ചെത്തിയവരോട് ജില്ലാ പൊലീസ് ചീഫിന്റെ ഒാഫീസിൽ നിന്ന് പറഞ്ഞത് . എന്നാൽ താത്കാലിക ജീവനക്കാർക്ക് സ്പാർക്ക് വഴി ശമ്പളം നൽകാൻ വ്യവസ്ഥയില്ല. സ്പാർക്കിൽ ശമ്പളം മാറണമെങ്കിൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിന്റെ പ്രത്യേക അനുമതി വേണം. അനുമതി ലഭിച്ചുകഴിഞ്ഞാൽ താത്കാലിക ജീവനക്കാരായതിനാൽ പ്രത്യേക സോഫ്റ്റുവെയർ ഉണ്ടങ്കിലേ ശമ്പളം അക്കൗണ്ടുമായി ബന്ധിപ്പിക്കാനും കഴിയൂ. ഇതിന് കാലതാമസമെടുക്കും എന്നതിനാൽ ശമ്പളം ട്രഷറിവഴി അക്കൗണ്ടുകളിലേക്ക് മാറി നൽകണം എന്നാണ് ജോലി ചെയ്തവരുടെ ആവിശ്യം.