ഇളമണ്ണൂർ: ഇളമണ്ണൂർ കിൻഫ്ര ഭക്ഷ്യസംസ്‌കരണചെറുകിടവ്യവസായപാർക്കിൽ പണിത ആശുപത്രികെട്ടിടം ഇഴ ജന്തുക്കളുടെ താവളമാകുന്നു. അടൂരിൽനിന്ന് 10 കിലോമീറ്റർ കിഴക്ക് ഏനാദിമംഗലം പഞ്ചായത്തിലെ സ്‌കിന്നർപുരംതോട്ടത്തിലെ 85.38 ഏക്കർ ഭൂമിയിലാണ് പാർക്ക് പ്രവർത്തിക്കുന്നത്.അത്യാധുനിക യന്ത്രസംവിധാനങ്ങളോടെ നിരവധി കമ്പനികൾ പാർക്കിൽ പ്രവർത്തിക്കുമ്പോഴും അവിടുത്തെ ജീവനക്കാർക്ക് പ്രാഥമിക ചികിത്സാ സൗകര്യങ്ങൾപോലും ഒരുക്കുന്നതിന് അധികൃതർ താത്പ്പര്യം കാട്ടാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇളമണ്ണൂർ കിൻഫ്ര പാർക്കിലെ വിവിധകമ്പനികളിൽ ആയിരത്തിലധികംജോലിക്കാരാണുള്ളത്.ഇവിടെയുള്ള ജോലിക്കാർക്ക് അടിയന്തര ചികിത്സ ഉറപ്പ് വരുത്താനാണ് കിൻഫ്ര പാർക്കിന് പണിതുടങ്ങിയപ്പോൾ തന്നെ ആശുപത്രിക്കായും കെട്ടിടനിർമ്മാണം നടത്തിയത്.എന്നാൽ പിന്നീട് ഈ ശ്രമം ഉപേക്ഷിച്ചു. ഇതിന് സമീപത്തായി രണ്ട് കിലോമീറ്റർ ദൂരത്തിൽ സ്വകാര്യ മെഡിക്കൽകോളേജ് വന്നതും ആശുപത്രി നിർമ്മാണത്തിന് അധികൃതരുടെ താത്പ്പര്യമില്ലായ്മക്ക് കാരണമായി.രണ്ടരകിലോമീറ്റർ അകലെ ഏനാദിമംഗലം സാമൂഹികാരോഗ്യകേന്ദ്രം ഉള്ളതിനാലാണ് പാർക്കിലെ ആശുപത്രിയുടെ പ്രവർത്തനത്തിന് നടപടി എടുക്കാത്തതെന്നാണ് മറ്റൊരു വിശദീകരണം. പക്ഷേ വ്യവസായ വകുപ്പിന് പാർക്കിന്റെ രൂപരേഖകൾ സമർപ്പിച്ചപ്പോൾ ആശുപത്രി നിർമ്മാണം അതിൽ പ്രധാനപ്പെട്ടതായി വ്യക്തമാക്കിയിരുന്നു. അതിൻപ്രകാരമാണ് ഇവിടെ കെട്ടിടനിർമ്മാണം നടത്തിയതും. എന്നാൽ ഇന്ന് കാടുമൂടി ഇഴജന്തുക്കളുടെയും തെരുവ് നായ്കളുടെ വിഹാരകേന്ദ്രമായും മാറിയ ഈ ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം സമീപവാസികൾക്കു തലവേദനയായി തീർന്നിരിക്കുകയാണ് കെട്ടിടത്തിന് സമീപ പ്രദേശങ്ങൾ എല്ലാം കാടുമൂടിയ നിലയിലുള്ളതിനാൽ മാലിന്യ നിക്ഷേപകരുടെ ഇഷ്ട സ്ഥലം കൂടിയാണിവിടം.കോഴിമാലിന്യം ഉൾപ്പെടെ ചാക്കിൽ കെട്ടിയും അല്ലാതെയും തള്ളുന്നത് മൂലം തെരുവ് നായ്കൾ കൂട്ടത്തോടെ ഇവിടേക്ക് തമ്പടിച്ചിരിക്കുകയാണ്.
അടിയന്തരമായി കെട്ടിടവും പരിസരവും വൃത്തിയാക്കാൻ നടപടിവേണം
സുജിത് (പ്രദേശവാസി)
----------------------------------------------------------
പാർക്ക് പ്രവർത്തിക്കുന്നത്
അടൂരിൽനിന്ന് 10 കിലോമീറ്റർ കിഴക്ക് ഏനാദിമംഗലം പഞ്ചായത്തിലെ സ്‌കിന്നർപുരം തോട്ടത്തിലെ 85.38 ഏക്കർ ഭൂമിയിലാണ് പാർക്ക് പ്രവർത്തിക്കുന്നത്.
- ഇഴജന്തുക്കളുടെ താവളം
-വിവിധ കമ്പനികളിൽ ആയിരത്തിലധികം ജോലിക്കാർ
- കോഴിമാലിന്യം ഉൾപ്പെടെയുള്ളവ തള്ളുന്നു