പത്തനംതിട്ട: ജില്ലയിൽ കൊറോണ ആദ്യം സ്ഥിരീകരിച്ച റാന്നി താലൂക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിൽ 567പേർ നിരീക്ഷണത്തിലുണ്ട്. ഇവർക്ക് ഭക്ഷണസാധനങ്ങളും അവശ്യവസ്തുകളും കുടിവെളളവും എത്തിച്ചു തുടങ്ങി. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരും വീടുകളിൽ ഐസലേഷനിൽ കഴിയുന്നു.


പഴവങ്ങാടിയിൽ 190

ഒൻപത് പേർക്ക് കൊറോണ സ്ഥിരീകരിച്ച െഎത്തല ഗ്രാമം ഉൾപ്പെടുന്ന പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ 190 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 80 പേർ രോഗികളുമായി പ്രൈമറി കോൺടാക്ടിൽ ഉൾപ്പെട്ട് നിരീക്ഷണത്തിലാണ്.ഗ്രാമപഞ്ചായത്ത് ഇവർക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്നതായി പ്രസിഡന്റ് ജോസഫ് കുരിയാക്കോസ് പറഞ്ഞു.

 അങ്ങാടിയിൽ 134

അങ്ങാടി ഗ്രാമ പഞ്ചായത്തിൽ 46 കുടുംബങ്ങളിലായി 134 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 20 പേർ പ്രൈമറി കോൺടാക്ട് പട്ടികയിൽ ഉൾപ്പെട്ടവരാണ്. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 24 പേരാണ് 18 കുടുംബങ്ങളിലായി നിരീക്ഷണത്തിലുള്ളത്. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്നലെ 15 കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിച്ചു.

റാന്നിയിൽ 37

കൊറോണ മുൻകരുതലിന്റെ ഭാഗമായി റാന്നി ഗ്രാമപഞ്ചായത്തിൽ 37 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 9 പേർ പ്രൈമറി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റാണ് നിരീക്ഷണത്തിലുള്ളവർക്ക് എത്തിച്ചു കൊടുക്കുന്നത്. ഇന്നലെ പത്ത് കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു. വാർഡ് തലത്തിൽ മീറ്റിംഗുകൾ നടത്തി പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തിവരുന്നു.

പെരുനാട്ടിൽ 27പേർ

അഞ്ചു കുടുംബങ്ങളിലായി 27 പേരാണ് പെരുനാട് ഗ്രാമപഞ്ചായത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ ഒമ്പതുപേർ പ്രൈമറി കോൺടാക്ടും 18 പേർ സെക്കൻഡറി കോൺടാക്ടുമാണ്. നിലവിൽ മൂന്നു കുടുംബങ്ങളാണ് അവശ്യ സാധനങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത്. ഇവർക്ക് ഭക്ഷണസാധനങ്ങളും കുടിവെളളവും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എത്തിച്ചു നൽകുന്നതായി പ്രസിഡന്റ് ബീനാ സജി പറഞ്ഞു.

 വടശേരിക്കരയിൽ 99

വടശേരിക്കര ഗ്രാമപഞ്ചായത്തിൽ 99 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഭക്ഷണം അവശ്യമായമായവർക്ക് വീടുകളിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എത്തിച്ചു നൽകുന്നു. നിരീക്ഷണത്തിൽ ഉള്ളവർ താമസിക്കുന്നിടങ്ങളിൽ കുടിവെള്ള വിതരണം ഉറപ്പാക്കിയിട്ടുണ്ട്.

ചിറ്റാറിൽ 64

ചിറ്റാർ ഗ്രാമപഞ്ചായത്തിൽ 64പേർ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ നിരീക്ഷണത്തിലുള്ള മൂന്നു കുടുംബങ്ങളാണു ഭക്ഷണ സാധനങ്ങൾ വേണമെന്ന് അറിയിച്ചത്.

നാറാണംമൂഴിയിൽ 16

നാറാണംമൂഴി ഗ്രാമപഞ്ചായത്തിൽ 16 പേരാണു വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. അവശ്യാനുസരണം സേവനങ്ങൾ ലഭ്യമാക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹൻരാജ് ജേക്കബ് പറഞ്ഞു.