തിരുവല്ല: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നലെ 14 പേർ കൂടി ഗാർഹിക നിരീക്ഷണത്തിലായി. ഇവർ ഉൾപ്പെടെ 480 പേരാണ് ആകെ ഗാർഹിക നിരീക്ഷണത്തിലുള്ളത്. ഇന്നലെ നിരീക്ഷണത്തിലായ 14 പേരും വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. ഗാർഹിക നിരീക്ഷണത്തിൽ തുടരുന്നവർക്ക് ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുന്നതിനും വിദേശത്ത് നിന്നും എത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനുമായി വാർഡ് മെമ്പർമാരുടെയും ആശാ വർക്കർമാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലുളള പ്രത്യേക സംഘങ്ങൾ പ്രവർത്തന സജ്ജമായി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൈകൾ കഴുകി ശുചിയാക്കുന്നതിനുള്ള പ്രത്യേക സജ്ജീകരണങ്ങൾ വിവിധ രാഷ്ടീയ - സാമൂഹിക സംഘടനകളുടെ നേതൃത്വത്തിൽ പ്രധാന സ്ഥലങ്ങളിൽ ഏർപ്പെടുത്തി. സമന്വയ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവല്ല കുടുംബ കോടതിയിലേക്ക് ഹാൻഡ് സാനിട്ടൈസറും മാസ്കും നൽകി. സമന്വയ വൈസ് പ്രസിഡന്റ് കെ.ആർ. പ്രതാപ ചന്ദ്രവർമ്മ കുടുംബ കോടതി ജഡ്ജി എം.ശശികുമാറിന് സാനിട്ടൈസർ കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ഷാജി തിരുവല്ല, എം.സലിം, പി.എം.അനീറ്റ, വിനോദ് തിരുമൂലപുരം, ഷിബു എന്നിവർ നേതൃത്വം നൽകി. പൊതുജനങ്ങൾക്ക് കൈകൾ ശുചീകരിക്കുന്നതിനായി തിരുവല്ല ജോയ്ആലുക്കാസ് ജോളി സിൽക്സിന്റെ നേതൃത്വത്തിൽ നഗരത്തിലെ ഷോപ്പിന്റെ മുൻപിൽ ഹാൻഡ് വാഷ് കിയോസ്‌ക് സ്ഥാപിച്ചു. തിരുവല്ല സമന്വയ മതസൗഹൃദ വേദി പ്രസിഡന്റ് എം. സലിം ഉദ്ഘാടനം നിർവഹിച്ചു. ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ, സമന്വയ മതസൗഹൃദ വേദിയുടെ മറ്റു അംഗങ്ങളും പങ്കെടുത്തു. വൈസ് മെൻസ് ക്ലബ് ഒഫ് തിരുവല്ല ടൗണിന്റെ നേതൃത്വത്തിൽ തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ യാത്രക്കാർക്കായി സാനിട്ടൈസർ വിതരണം ചെയ്തു. തിരുവല്ല സർക്കിൾ ഇൻസ്‌പെക്ടർ പി.ആർ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ബാബു പറയത്തുകാട്ടിൽ, ജിക്കു വട്ടശേരി, ലിനോജ്‌ ചാക്കോ, അനിൽ മുറിക്കാനാട്ടിൽ, ബിജോ വട്ടശേരി, ജിജോ പി.ജോസഫ് എന്നിവർ നേതൃത്വം നൽകി.