തിരുവല്ല: കടപ്ര പഞ്ചായത്തിലെ പരുമല ആറാം വാർഡിലെ കൊണ്ടൂർ പാടശേഖരത്തിനു തീപിടിച്ചു. കാൽനൂറ്റാണ്ടായി തരിശുകിടന്നിരുന്ന 25 ഏക്കർ പാടത്തിനാണ് ഇന്നലെ ഉച്ചയ്ക്ക്‌ശേഷം രണ്ടിന് തീപിടിച്ചത്. പാടശേഖരസമിതിയുടെ നേതൃത്വത്തിൽ കൃഷിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് തീപിടിത്തം. തീ ആളിപടർന്നതോടെ പാടത്തിന്റെ കരകളിലുള്ള വൃക്ഷങ്ങളിലേക്കും വീടുകളിലേക്കും തീപടരുമോയെന്ന ഭീതിയുയർത്തി. പ്രദേശമാകെ പുകയുയർന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. തിരുവല്ല,മാവേലിക്കര,ചെങ്ങന്നൂർ എന്നിവടങ്ങളിൽ നിന്നുള്ള അഞ്ചു യൂണീറ്റ് അഗ്‌നിശമന സേന എത്തിയാണ് തീയണച്ചത്. മാത്യു ടി.തോമസ് എം.എൽ.എ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.