പത്തനംതിട്ട: കൊറോണ വൈറസ് ഭീഷണിക്കിടയിലും കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ശബരിമല ദർശനത്തിന് പതിനായിത്തോളം പേരെത്തി. മീനമാസ പൂജയ്ക്കായി നട തുറന്നിരുന്ന ഈ ദിവസങ്ങളിൽ ദർശനത്തിനെത്തിയ ഒരാൾ പോലും കൊറോണ ബാധ ഉള്ളവരായിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. എണ്ണായിരത്തോളം ഭക്തരെ പമ്പയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബോഡി ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. പനി ലക്ഷണങ്ങൾ കാണിച്ച രണ്ടുപേർക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വിദഗ്ദ്ധ പരിശോധന നടത്തി. കൊറോണ ലക്ഷണങ്ങളില്ലാത്തതിനാൽ ഇവരെ നാട്ടിലേക്ക് വിട്ടു.

കൊറോണയുടെ പശ്ചാത്തലത്തിൽ ശബരിമല ദർശനത്തിന് ഭക്തർ എത്തരുതെന്ന് ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചിരുന്നു. സന്നിധാനത്ത് ഭക്തർ കൂട്ടമായി വിരിവച്ച് താമസിക്കുന്നത് ഒഴിവാക്കാൻ അന്നദാനവും കുടിവെള്ള വിതരണവും ഒഴിവാക്കുകയും ചെയ്തു. ഹോട്ടലുകളും പ്രവർത്തിച്ചില്ല. അപ്പം, അരവണ പ്രസാദ വിതരണവും ഉണ്ടായിരുന്നില്ല. നെയ്യഭിഷേകം,പടിപൂജ, ഉദയാസ്തമന പൂജ, പുഷ്പാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകളൊന്നും നടത്തിയില്ല.

കത്തുന്ന വെയിലിൽ ഭക്ഷണവും കുടിവെള്ളവും ലഭിക്കാതിരുന്നത് ഭക്തരെ വലച്ചു. മീനമാസ പൂജകൾ പൂർത്തിയാക്കി ഇന്നലെ രാത്രി 10ന് ഹരിവരാസനം പാടി നട അടച്ചു.

ഉത്സവത്തിന് 28ന് തുറക്കും

ഉത്രം ഉത്സവത്തിനായി ശബരിമല നട ഇൗ മാസം 28ന് തുറക്കും. 29ന് രാവിലെ 9.15നാണ് കൊടിയേറ്റ്. ഏപ്രിൽ ആറിന് പളളിവേട്ട. ഏഴിന് ആറാട്ടിന് ശേഷം രാത്രി 10ന് നട അടയ്ക്കും. മേടമാസ പൂജയ്ക്കും വിഷുക്കണി ദർശനത്തിനുമായി ഏപ്രിൽ 10ന് നട തുറക്കും. 14നാണ് വിഷുക്കണി ദർശനം. മേടമാസ പൂജ പൂർത്തിയാക്കി 18ന് നട അടയ്ക്കും. ഇൗ ദിവസങ്ങളിൽ ഭക്തരെത്തുമ്പോൾ ആവശ്യമെങ്കിൽ ആരോഗ്യ പരിശോധന നടത്തുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.