അടൂർ : ഉത്സവ സീസണിൽ സംസ്ഥാനത്ത് എത്തിയ കൊറോണ പട്ടിണിയിലാക്കിയത് വിവിധ കലാസമിതികളെയും കലാകാരന്മാരെയുമാണ്. രോഗം പകരാതിരിക്കാനുള്ള കർശന നിയന്ത്രണത്തെത്തുടർന്ന് ആഘോഷ പരിപാടികളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. 2018ലും 19ലും ഉണ്ടായ പ്രളയം ഒാണക്കാലത്തെ ആഘോഷ പരിപാടികളെ ബാധിച്ചപ്പോഴും കലാപരിപാടികൾ റദ്ദാക്കേണ്ടി വന്നിരുന്നു. പ്രളയത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി കാരണം പല ക്രിസ്മസ് - ന്യൂ ഇയർ പരിപാടികളും നടക്കാതെ പോയി. ഇതിനെല്ലാം പിന്നാലെയാണ് കൊറോണ വില്ലനായെത്തി കലാകാരന്മാരുടെ വയറ്റത്തടിച്ചത്. സംസ്ഥാനത്ത് അഞ്ഞൂറിൽപ്പരം കലാസമിതികളും അവയെ ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് കലാകാരാൻമാരും അവരുടെ കുടുംബങ്ങളുമുണ്ട്. ഇടനിലക്കാരായ നൂറുകണക്കിന് പ്രോഗ്രാം ഏജൻസികളും ഇൗ രംഗത്തുണ്ട്. ദേവാലയങ്ങളിലെ ഉത്സവകാലത്താണ് കൊറോണ എത്തിയത്. ഫെബ്രുവരി മുതൽ ഏപ്രിൽ പകുതിവരെയാണ് പ്രധാന ഉത്സവകാലം. മാർച്ച് 1 മുതൽ 31 വരെയാണ് ഏറ്റവും കൂടുതൽ ഉത്സവങ്ങൾ നടക്കുന്നത് . മാർച്ച് പത്തിന് ശേഷമുള്ള ഉത്സവങ്ങളിലെ കലാപരിപാടികൾ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. നാടകം പോലുള്ള പരിപാടികൾ രംഗത്തെത്തിക്കാൻ പത്ത് ലക്ഷത്തോളം രൂപ ചെലവുണ്ട്. വസ്തു പണയം വച്ചും കടംവാങ്ങിയുമൊക്കെയാണ് മിക്ക സമിതികളും ഇതിനായി പണം കണ്ടെത്തുന്നത്. തുടർച്ചയായി രണ്ട് വർഷം വേദികളിൽ അവതരിപ്പിച്ചെങ്കിലേ മുടക്കുമുതൽ തിരിച്ചുപിടിക്കാനാകൂ. നിയന്ത്രണം തുടർന്നാൽ ഏപ്രിൽ മാസത്തേക്ക് ബുക്ക് ചെയ്ത പരിപാടികളും ഇല്ലാതാകും. ---------------------- ഞങ്ങളുടെ ഒരുവർഷത്തെ വരുമാന മാർഗമാണ് ഉത്സവകാലം. പ്രളയം മൂലമുണ്ടായ നഷ്ടത്തിൽ നിന്ന് കരകയറാനുള്ള പിടിവള്ളിയായിരുന്നു മാർച്ച്, ഏപ്രിൽ മാസങ്ങൾ. പ്രതീക്ഷകളുടെ കടയ്ക്കലാണ് കൊറോണ കത്തിവച്ചത്. -കെ. രത്നാകരൻ, സംസ്ഥാന കമ്മിറ്റിയംഗം, ആൾ കേരള പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് അസോസിയേഷൻ. സോമിനി ആർട് സെന്റർ, അടൂർ