പത്തനംതിട്ട :കൊറോണ സ്ഥിരീകരിച്ചപ്പോൾ മുതൽ ജില്ലയിലെ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും നഷ്ടത്തിലാണ്. സർവീസുകൾ മുഴുവൻ ഓടിയാൽ ഡീസലടിക്കാൻ വേറെ രൂപ മുടക്കേണ്ടി വരുന്ന അവസ്ഥ. ജീവനക്കാർക്ക് കൂലി പോലും നൽകാൻ തികയില്ല ദിവസേനയുള്ള കളക്ഷൻ. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എട്ട് ലക്ഷം രൂപ വരെ ലഭിച്ചു കൊണ്ടിരുന്നിടത്ത് നാല് ലക്ഷമാണ് കഷ്ടിച്ച് ലഭിക്കുന്നത്. ജീവനക്കാരും കുറവാണ്.കോട്ടയം,തിരുവനന്തപുരം ദീർഘ ദൂര ബസുകളിൽ പകുതിയും ഇന്നലെ സർവീസ് നടത്തിയില്ല.മൈസൂർ, കോഴിക്കോട്, മാനന്തവാടി ബസുകൾ സർവീസ് നടത്തി. ഓർഡിനറിയടക്കം 25 സർവീസുകൾ പത്തനംതിട്ടയിൽ നിന്ന് സർവീസ് നിറുത്തി.അടൂരിൽ നിന്ന് റാന്നി വഴി കട്ടപ്പനയ്ക്ക് പോകുന്ന ബസ് സർവീസ് നിറുത്തി. 51സർവീസുകൾ ഉണ്ടായിരുന്ന അടൂരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് ശേഷമുള്ള ദിവസങ്ങളിൽ 20,21 സർവീസുകൾ മാത്രമായിരുന്നു പോയിരുന്നത്. സ്ഥിരം യാത്രക്കാർ ഇത് കാരണം ബുദ്ധിമുട്ടിയെങ്കിലും ജില്ലയിൽ സർവീസ് നടത്തിയ മിക്ക കെ.എസ്.ആർ.ടി.സി ബസുകളിലും ആളുകൾ കുറവായിരുന്നു.എട്ടിനാണ് കൊറോണ വൈറസ് ജില്ലയിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തത്.അടുത്ത ദിവസം മുതൽ ബസുകളിലും പൊതു നിരത്തുകളിലും ആളുകൾ കുറഞ്ഞ് തുടങ്ങി.സ്വകാര്യ ബസുകാർക്ക് 16000 രൂപ കിട്ടുന്ന സർവീസുകൾ 2000 മുതൽ 4000 രൂപ വരെയായി ചുരുങ്ങി. ഇതൊടെ സ്വകാര്യ ബസും സർവീസ് വെട്ടിക്കുറച്ചു. പിന്നീട് എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ പരീക്ഷ കണക്കിലെടുത്ത് സർവീസ് നടത്താൻ കളക്ടർ ഇടപെടുകയായിരുന്നു.
-ദിവസം 8 ലക്ഷം കിട്ടിയിരുന്നു, ഇപ്പോൾ അത് 4 ആയി കുറഞ്ഞു
-ഓർഡിനറി അടക്കം 25 സർവീസ് പത്തനംതിട്ടയിൽ നിറുത്തി
-പത്തനംതിട്ടയിൽ 51 സർവീസ് നടത്തിയിരുന്നത് 20,21 സർവീസായി
-ദിവസ വരുമാനം 16000 കിട്ടിയിരുന്നിടത്ത് 2000 മുതൽ 4000 വരെയായി