പത്തനംതിട്ട : പ്രളയത്തിന് ശേഷം വ്യാപാരികൾക്ക് വെല്ലുവിളി ഉയർത്തുകയാണ് കൊറോണ കാലം. ആളുകൾ കടയിൽ കയറാൻ പോലും മടിക്കുന്നു. കെട്ടിടത്തിന്റെ വാടകപോലും കൊടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കച്ചവടം തീരെയില്ല. ദിവസവും കോടികളുടെ നഷ്ടമാണ് വ്യാപാരികൾ നേരിടുന്നത്. ഇന്നും പലകാരണങ്ങളാൽ പ്രളയ നഷ്ടത്തിന്റെ ആനുകൂല്യം ലഭിക്കാത്ത അനേകം വ്യാപാരികൾ ജില്ലയിലുണ്ട്. ഇപ്പോൾ കൊറോണ വൈറസ് സ്ഥിരീകരിച്ചതിൽ കടയിലേക്ക് ആളുകൾ വരുന്നതേ കുറവാണ്. അഥവാ വന്നാലും പഴയപോലെ സാധനങ്ങൾ വാങ്ങാൻ പണം ചെലവാക്കുന്നില്ല. ഇത് കാരണം വലിയ നഷ്ടമാണ് വ്യാപാരികൾ നേരിടുന്നത്. ഏറ്റവും കൂടുതൽ കെ.എസ്.ഇ.ബി ബില്ല് അടയ്ക്കുന്നത് വ്യാപാരികൾ ആണ്. ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളും ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നില്ല. ബേക്കറികളിലൊക്കെ ഭക്ഷണ സാധനങ്ങൾ ഇരുന്ന് നശിച്ച് പോകുകയാണ്. എന്ത് ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയാണെന്ന് വ്യാപാരികൾ പറയുന്നു. ചെറിയ കടകളിൽ രണ്ടോ മൂന്നോ ജീവനക്കാരും മറ്റുള്ളവയിൽ അമ്പതിലധികം ജീവനക്കാരും ഉണ്ട്. ഇവരോടെല്ലാം അവധിയെടുത്ത് വീട്ടിൽ ഇരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ഇനിയുള്ള രണ്ടാഴ്ച കഴിഞ്ഞേ ഈ പ്രതിസന്ധികൾ തുടരുമോ ഇല്ലയോ എന്ന് അറിയാൻ കഴിയു.
പത്തനംതിട്ടയിൽ
1200 വ്യാപാരികൾ
"നിലവിലെ സാഹചര്യത്തിൽ സർക്കാർ വ്യാപാരികൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കണം. വ്യാപാരികളുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാകുകയാണ്. വ്യാപാരമേഖല വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണിപ്പോൾ. ഇത് ആത്മഹത്യയിലേക്ക് വരെ കൊണ്ടെത്തിച്ചേക്കും. "
പ്രസാദ് ജോൺ മാമ്പ്ര
(കേരള വ്യാപാരി വ്യവസായി ഏകോപനസമിതി
സംസ്ഥാന വൈസ് പ്രസിഡന്റ്)