കോന്നി : വംശനാശ ഭീഷണി നേരിടുന്ന അങ്ങാടിക്കുരുവികൾക്ക് ചേക്കേറാൻ നമ്മുക്കും കൂടൊരുക്കാം. ലോകത്ത് ഭൂരിഭാഗം സ്ഥലങ്ങളിലും കണ്ടുവന്നിരുന്ന പക്ഷിയാണ് അങ്ങാടിക്കുരുവികൾ. ബീഹാർ, ഡൽഹി എന്നിവിടങ്ങളിലെ സംസ്ഥാന പക്ഷിയായ അങ്ങാടിക്കുരുവിയെ കേരളത്തിൽ അരിക്കിളി, വീട്ടുകുരുവി എന്നീ പേരുകളിൽ അറിയപ്പെടുന്നു. പ്രകൃതിയുടെ വരദാനമായ ഈ കുഞ്ഞിക്കിളികൾ മനുഷ്യരുമായി ഏറെ സഹവസിച്ചാണ് ജീവിക്കുന്നത്. ഇവ ഐശ്വര്യവും മാനസിക ഉല്ലാസവും കൊണ്ടുവരുന്നവരാണെന്നാണ് പലചരക്കു വ്യാപാരികളുടെ വിശ്വാസം. അതുകൊണ്ടു തന്നെ അങ്ങാടികളിലെ പലചരക്കു കടകളും പരിസരങ്ങളും തന്നെയാണ് ഇവയുടെ ആവാസകേന്ദ്രവും. വംശനാശ ഭീഷണി നേരിടുന്ന ഇവയുടെ സംരക്ഷണത്തിനായി കോന്നിയിൽ സ്പാരോ നേച്ചർ കൺസർവേഷൻ ഫോറവും വ്യാപാരികളും ക്ളബ്ബുകളും ചേർന്ന് കലങ്ങളും കുടങ്ങളും മറ്റും ഉപയോഗിച്ച് പ്രത്യേക സംരക്ഷണ കേന്ദ്രങ്ങൾ ഒരുക്കി പരിപാലിച്ചുപോരുന്നു. ഒന്നിനെയും പേടിയ്ക്കാതെ ഇവയ്ക്ക് കൂടൊരുക്കാനും സംരക്ഷണം നൽകാനും ഇവർ സദാസമയവുമുണ്ട്. 2010 മാർച്ച് 20 മുതലാണ് ഇവയുടെ സംരക്ഷണാർത്ഥം ലോക അങ്ങാടിക്കുരുവി ദിനാമായി ആചരിക്കാൻ തുടങ്ങിയത്. ജില്ലയിൽ അങ്ങാടിക്കുരുവികളുടെ എണ്ണം ഗണ്യമായി കുറയുന്നുണ്ടെന്ന് സ്പാരോ നേച്ചർ കൺസർവേഷൻ ഫോറം നടത്തിയ സർവ്വേകളിൽ വ്യക്തമാകുന്നു.
അങ്ങാടിയിലെ നിറസാന്നിദ്ധ്യം
പൂർണ്ണ വളർച്ചയെത്തിയ ഒരു കുരുവിയ്ക്ക് 16 സെന്റീമീറ്റർ നീളവും 25 മുതൽ 29 ഗ്രാം തൂക്കവും ഉണ്ടാകും. ആണിന് പെണ്ണിനേക്കാൾ വലിപ്പവും സൗന്ദര്യവുമുണ്ട്. ആൺപക്ഷികളുടെ മുഖത്തും കഴുത്തിലും മാറിലും കറുപ്പും കവിളിൽ വെളുപ്പും നിറമാണ്. പെൺ കിളികളുടെ മുകൾ ഭാഗത്ത് തവിട്ടും ബാക്കി ചരനിറവുമാണ്. നെല്ലരി, പുല്ലരി, ചോളം, തിന, ചെറുപഴങ്ങൾ, കീടങ്ങൾ എന്നിവയാണ് പ്രധാന ഭക്ഷണങ്ങൾ. കുഞ്ഞിന് ചിലന്തി, കീടങ്ങൾ എന്നിവയെ നൽകും. വർഷത്തിൽ ഏഴുതവണ കൂടുകൂട്ടും.
പ്രതിസന്ധികൾ......
ചേക്കേറാനുള്ള വൃക്ഷങ്ങളുടെ കുറവ്, ജലദൗർലഭ്യം, കൂടുകൂട്ടാൻ ഇടമില്ലായ്മ, ധാന്യങ്ങൾ തുറന്നുവച്ച് കച്ചവടം നടത്തുന്ന പലചരക്ക് കടകളുടെ അഭാവം. ആഗോളം താപനം, മൊബൈൽ ടവറുകളിൽ നിന്നുള്ള വൈദ്യുത കാന്തിക തരംഗങ്ങളുടെ പ്രസരണം തുടങ്ങിയവ ഇവയുടെ വംശനാശത്തിന് കാരണമാക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
ജില്ലയിലെ അങ്ങാടിക്കുരുവികളുടെ
കണക്ക് (2017, 2018, 2020 വർഷങ്ങളിലേത്)
കോന്നി ടൗൺ : 56, 84, 3 4
കോഴഞ്ചേരി മാർക്കറ്റ് : 12, 22, 6
റാന്നി ഇട്ടിയപ്പാറ : 40, 63, 22
പത്തനംതിട്ട : 32, 38, 26
കൂടൊരുക്കാൻ ഒരു ചെറിയ മൺ കുടത്തിന്റെ വായ തുണികൊണ്ട് കെട്ടി അതിന്റെ ചുവടുഭാഗത്ത് കിളിയ്ക്ക് കയറിയിറങ്ങാവുന്ന തരത്തിൽ ഒരു ദ്വാരമുണ്ടാക്കി പലചരക്ക് കടയ്ക്ക് സമീപം ഉറപ്പിച്ചുവെച്ചാൽ മതി. ഇവയിൽ കുരുവികൾ കൂടുകൂട്ടുകയും പ്രജനനം നടത്തി വംശനാശഭീഷണിയെ നേരിടുകയും ചെയ്യും.
ചിറ്റാർ ആനന്ദൻ
(സ്പാരോ നേച്ചർ കൺസർവേഷൻ
ഫോറം സംസ്ഥാന സെക്രട്ടറി )