റാന്നി : കൊറോണ ഭീഷണിയെത്തുടർന്ന് വീടുകളിൽ ഐസൊലേഷനിൽ കഴിയുന്ന കുടുംബങ്ങളിലെ കുട്ടികളെ പരീക്ഷാഹാളിൽ എത്തിക്കാനായി ഒരു ആംബുലൻസ് സർവീസുണ്ട്. മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറാണ് ഇതിന് നേതൃത്വം നൽകുന്നത്.
രോഗബാധ ഭീഷണിയെത്തുടർന്ന് നിരീക്ഷണത്തിൽ അകപ്പെട്ട കുടുംബങ്ങളിലെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ എങ്ങനെ പരീക്ഷ എഴുതാൻ പോകും എന്നത് ഒരു പ്രതിസന്ധിയായി നിലനിന്നപ്പോൾ മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ സഹായവുമായി എത്തുകയായിരുന്നു. ആരോഗ്യ വകുപ്പുമായി ആലോചിച്ച് മൂന്ന് ആംബുലൻസുകളാണ് കുട്ടികൾക്ക് സ്‌കൂളിൽ പോകാനും തിരികെ വരാനുമായി പാലിയേറ്റീവ് കെയർ വിട്ടുനൽകിയത്.
റാന്നിയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതു മുതൽ സേവനങ്ങളുമായി മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ മുന്നിലുണ്ട്. 10000 പരിസ്ഥിതി സൗഹാർദ്ദ തുണി മാസ്‌ക്കുകൾ വിതരണം ചെയ്തു. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണവും അവശ്യ സാധനങ്ങളും മരുന്നും എത്തിച്ച് നൽകി.
രാജു എബ്രഹാം എം.എൽ.എ ( പ്രസിഡന്റ്), പി.ആർ.പ്രസാദ് (സെക്രട്ടറി) , വിജോയി പുള്ളോലിൽ ( കോഡിനേറ്റർ) എന്നിവരാണ് നേതൃത്വം നൽകുന്നത്.