അടൂർ: അടൂർ ഡിപ്പോയിലെ വരുമാനം പകുതികുറഞ്ഞു.ഇതോടെ സർവീസുകളുടെ എണ്ണത്തിലും കുറവ് വരുത്തി.മൊത്തം 51ഷെഡ്യൂളുകളാണ് ഡിപ്പോയ്ക്ക് ഉള്ളതെങ്കിലും കഴിഞ്ഞ ഏതാനും നാളുകളായി 48എണ്ണമാണ് അയച്ചുവരുന്നത്.ഇതിൽ 29 എണ്ണം മാത്രമാണ് ഇന്നലെ അയച്ചത്. 12ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ഉള്ളതിൽ ദിവസങ്ങളായി രാവിലെ 5.50 നുള്ള കട്ടപ്പന - കൂട്ടാർ സർവീസ് മാത്രമാണ് നിറുത്തിയത്.പത്തനംതിട്ട - കൊല്ലം ചെയിൻ സർവീസിനുള്ള 5 ബസുകളിൽ ഒരെണ്ണവും അടൂർ - ആയൂർ ചെയിൻ സർവീസിലെ 8 ബസുകളിൽ 4എണ്ണവും കായംകുളം - പുനലൂർ ചെയിൻ സവീസിലെ 4 ബസുകളിൽ ഒരെണ്ണവും ഇന്നലെയും അയച്ചില്ല.ഇതിനിടെ കിലോമീറ്ററിന് കുറഞ്ഞത് 30രൂപ വരുമാനമില്ലാത്ത സർവീസുകൾ അയയ്ക്കേണ്ടെന്ന നിർദ്ദേശം ഇന്നലെ ചീഫ് ഒാഫീസിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കിയാൽ ഇന്നുമുതൽ കൂടുതൽ സവീസുകൾ നിറുത്തലാക്കാൻ ഡിപ്പോ അധികൃതർ നിർബന്ധിതരാകും.രാവിലെയും വൈകിട്ടും മാത്രമാണ് ഇപ്പോൾ യാത്രക്കാരുള്ളത്.രാവിലെ 10മുതൽ വൈകിട്ട് മൂന്നര വരെ ഒട്ടുമിക്ക ബസുകളിലും യാത്രക്കാരില്ലാത്ത അവസ്ഥയാണ്.അടുത്തിരിക്കാൻ പോലും യാത്രക്കാർക്കിടയിൽ ഇപ്പോൾ ഭീതി വളർന്നിരിക്കുകയാണെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.
കൈയുറയും മാസ്കുമില്ലാതെ വർഷോപ്പ് ജീവനക്കാർ
ബസുകൾ മുഴുവൻ കഴുകി അണുവിമുക്തമാക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് ഇതിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും ശുചീകരണം ചെയ്യുന്ന വർക്ക്ഷോപ്പ് ജീവനക്കാർക്ക് കൈയുറയും മാസ്ക്കും ലഭ്യമാക്കിയില്ലെന്ന പരാതി ഉയരുന്നു.ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഡിപ്പോ അധികൃതർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഒരു വിഭാഗം ജീവനക്കാരിൽ മാത്രമായി ഒതുങ്ങുകയാണെന്നും വർഷോപ്പ് ജീവനക്കാർ ആരോപിക്കുന്നു.
-അടൂരിൽ 51 ഷെഡ്യൂളുകൾ
- ഇന്നലെ സർവീസ് നടത്തിയത് 29 എണ്ണം
-ശരാശരി 6.40 ലക്ഷം വരുമാനം
- ഇപ്പോൾ 3.20 ലക്ഷമായി കുറഞ്ഞു