പത്തനംതിട്ട: കൊറോണ പ്രതിരോധപ്രവർത്തനങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ വിക്ടേഴ്‌സ് ചാനലിലൂടെ നടത്തിയ അഭിസംബോധനയിൽ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒത്തൊരുമയോടെ സജീവമായി.
ജില്ലാ പഞ്ചായത്തിൽ ക്രമീകരിച്ചിരുന്ന തത്സമയ സംപ്രേഷണത്തിൽ പ്രസിഡന്റ് അന്നപൂർണ ദേവി ഉൾപ്പെടെയുള്ള അംഗങ്ങളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും പങ്കെടുത്തു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനു പ്രാദേശിക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട കർത്തവ്യങ്ങൾ വിജയിപ്പിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ നടപ്പാക്കുന്നതിന് പൂർണപിന്തുണ നൽകുമെന്ന് അന്നപൂർണാദേവിയും ജില്ലാപഞ്ചായത്ത് അംഗങ്ങളും പാർട്ടിപ്രതിനിധികളും പറഞ്ഞു. നാടിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏകമനസോടെ ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കും.
തത്സമയ സംപ്രേഷണത്തിനു മുന്നോടിയായി ജില്ലാപഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്നു. കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഐസൊലേഷനിൽ കഴിയുന്നവർക്ക് ജില്ലാപഞ്ചായത്തിന്റെ തനതുഫണ്ട് ഉപയോഗിച്ച് അവശ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു ജില്ലാ പഞ്ചായത്ത് നൽകിയിട്ടുള്ള പാലിയേറ്റീവ് കെയർ ഫണ്ട് ഉപയോഗിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് അവശ്യവസ്തുക്കൾ വാങ്ങുന്നതിനും തീരുമാനിച്ചു.
തത്സമയ സംപ്രേഷണചടങ്ങ് വീക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, വൈസ് പ്രസിഡന്റ് ജോർജ്മാമ്മൻ കൊണ്ടൂർ, സ്ഥിരംസമിതി അദ്ധ്യക്ഷരായ എലിസബത്ത് അബു, റെജി തോമസ്, അംഗങ്ങളായ ആർ.ബി.രാജീവ് കുമാർ, ബിനിലാൽ, വീനീത അനിൽ, സാം ഈപ്പൻ, എം.ജി.കണ്ണൻ, എസ്.വി.സുബിൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ എ.സുരേഷ് കുമാർ, വി.കെ പുരുഷോത്തമൻപിള്ള, എം.എസ്.അനിൽകുമാർ, ടി.എം.ഹമീദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോൺസൺ പ്രേംകുമാർ, സീനിയർ സൂപ്രണ്ട് ഡി.സുരേന്ദ്രൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മുഖ്യമന്ത്രിയുടെ തത്സസമയ സംപ്രേക്ഷണ ചടങ്ങ് വീക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു.