തിരുവല്ല: കൊറോണ രോഗബാധയെ തുടർന്ന് കെ.എസ്.ആർ.ടി.സി തിരുവല്ല ഡിപ്പോ കടുത്ത പ്രതിസന്ധിയിലായി. പ്രതിദിനം എട്ടുലക്ഷം രൂപ വരുമാനം ഉണ്ടായിരുന്ന ഡിപ്പോയിൽ യാത്രക്കാർ കുറഞ്ഞതോടെ ഇപ്പോൾ വരുമാനം നാലു ലക്ഷമായി കുറഞ്ഞു. ദിനംപ്രതി എട്ട് ഷെഡ്യൂളുകൾ വരെ നിറുത്തലാക്കുന്നുമുണ്ട്.കോട്ടയം-ചെങ്ങന്നൂർ,ഹരിപ്പാട്, ആലപ്പുഴ റൂട്ടുകളിലെ ഓർഡിനറി സർവീസുകളാണ് വെട്ടിക്കുറയ്ക്കുന്നത്.യാത്രക്കാർ കുറവാണെങ്കിലും രോഗബാധിതർ ഏറെയുള്ള റാന്നി,പത്തനംതിട്ട റൂട്ടുകളിലെ സർവീസുകളെല്ലാം ഇപ്പോഴും തുടരുന്നു.കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഡിപ്പോയുടെ വരുമാനം ഗണ്യമായി കുറയുകയാണ്.യാത്രക്കാർ കുറഞ്ഞതോടെ അഞ്ചു ഷെഡ്യുളുകൾ കുറച്ചു തുടങ്ങിയത് ഇപ്പോൾ എട്ടായി വർദ്ധിച്ചു.ജീവനക്കാരെല്ലാം കൃത്യമായി വരുന്നുണ്ട്.ദീർഘദൂര സർവീസുകളാണ് അല്പ്പമെങ്കിലും ആശ്വാസം നൽകുന്നത്. ഇതൊന്നും നിറുത്തലാക്കിയിട്ടില്ല. ഇങ്ങനെയൊരു സ്ഥിതി മുമ്പെങ്ങും ഉണ്ടായിട്ടില്ല. എന്നാൽ അടുത്ത തിങ്കളാഴ്ച മുതൽ വരുമാനം വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ഡിപ്പോ അധികൃതർ.

തിരുവല്ലയിൽ പ്രതിദിനം വരുമാനം 8 ലക്ഷം

ഇപ്പോൾ 4 ആയി കുറഞ്ഞു

8 ഷെഡ്യൂളുകൾ വരെ നിറുത്തി

നിലവിലെ പ്രതിസന്ധി ഈരീതിയിൽ തുടർന്നാൽ ഡിപ്പോയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും

(ഡിപ്പോ അധികൃതർ)