ചെങ്ങന്നൂർ : കൊറോണ ഭീതിക്കിടയിലും ചെങ്ങന്നൂർ ടൗൺപ്രദേശത്തെ മാലിന്യങ്ങൾ നഗരമദ്ധ്യത്തിലെ വെട്ടുതോട്ടിലേക്ക് ഒഴുകിയെത്തുന്നു.ഇത് കണ്ടിട്ടും ഉറക്കം നടിച്ച് ആരോഗ്യ വകുപ്പും നഗരസഭാധികൃതരും.രാജ്യം പകർച്ചവ്യാധിയുടെ പിടിയിലമരുമ്പോഴും ചെങ്ങന്നൂർ ടൗണിലെ മാലിന്യം മുഴുവൻ വെട്ടു തോടുവഴി പ്രധാന ജലസ്രോതസുകളിലേക്ക് ഒഴുകി എത്തുന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. എം.സി റോഡിന് കുറുകെ കെ.എസ്.ആർ.ടി.സി ഡിപ്പോയിക്ക് സമീപം നഗരമദ്ധ്യത്തിൽകൂടി കടന്നുപോകുന്ന പ്രധാന നീർച്ചാലാണ് വെട്ടുതോട്.ദിനംപ്രതി കുമിഞ്ഞുകൂടുന്ന മാലിന്യം ഉയർത്തുന്ന ഭീഷണി പൊതുജനാരോഗ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ്.വെട്ടുതോട് ശുചീകരണത്തിനായി നഗരസഭ ബഡ്ജറ്റിൽ തുക വകകൊള്ളിക്കുന്നല്ലാതെ യാതൊരു തുടർ നടപടികളുമുണ്ടായിട്ടില്ല.നഗരപ്രദേശത്തെ മൊത്തം മാലിന്യവും ഒഴുകിവരുന്നത് വെട്ടുതോട്ടിലേക്കാണ്. ഇവ കെട്ടിക്കിടന്ന് സാംക്രമിക രോഗങ്ങൾ പടർന്നു പിടിച്ച് സമീപവാസികളുടെ ജീവനു വരെ ഭീഷണിയാകുന്നു.
കിണറുകളിലെ കുടിവെള്ളവും മലിനം
തോട്ടിൽനിന്നും മാലിന്യം നിറഞ്ഞ ഊറ്റുറവ സമീപ കിണറുകളിലേക്കിറങ്ങി കുടിവെള്ളം മലിനമാകുന്നുണ്ട്. ഇതുമൂലം കിണറുകൾ പലതും മൂടേണ്ട അവസ്ഥയാണ്.കിണറുകളിലെ വെള്ളം ആലപ്പുഴയിലെ മൈക്രോബയോളജി ലാബിൽ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന ഫലമാണ് പുറത്തുവന്നത്. 60ശതമാനത്തോളം മാലിന്യമുള്ള കുടിവെള്ളമാണ് മിക്ക കിണറുകളിലുമുള്ളത്. ഇത് മഞ്ഞപ്പിത്തമടക്കമുള്ള പകർച്ചവ്യാധികൾക്ക് കാരണമാകുമെന്നും വിദഗ്ദ്ധർവിലയിരുത്തി.സമീപ താമസക്കാർക്ക് ചൊറിയും ചിരങ്ങും തുടങ്ങി നിരവധി ത്വക്ക് രോഗങ്ങളുമുണ്ട്. നഗരത്തിലെ ഓടകളിലെയും ഹോട്ടലുകളിലേയും ഖരമാലിന്യങ്ങളും ദ്രവമാലിന്യങ്ങളും മറ്റ് ചപ്പുചവറുകളും വെട്ടുതോട്ടിൽ വന്നു നിറഞ്ഞതോടെ നീരൊഴുക്ക് തടസപ്പെട്ട് മലിനജലം കെട്ടിക്കിടന്ന് ഈച്ചകളും കൊതുകുകളും പെരുകി ദുർഗന്ധം വമിക്കുകയാണ്.
മാലിന്യം കെട്ടിക്കിടന്ന് രോഗ ഭീഷണിയിൽ
ടൗൺപ്രദേശത്തെ സ്വകാര്യ ആശുപത്രി, ലോഡ്ജുകൾ,വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളലെ ഔട്ട് ലെറ്റു വഴി പുറന്തള്ളുന്ന കക്കൂസ് മാലിന്യവും വെട്ടു തോട്ടിലേക്കാണ് എത്തുന്നത്. കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ പൊതു കക്കൂസ് ടാങ്ക് ,ഇടയ്ക്ക് പൊട്ടിയൊലിച്ച് വെട്ടുതോട്ടിലേക്ക് ഇറങ്ങുന്നതും പതിവാണ്. വേനൽ കടുത്തതോടെ ഒഴുക്കു നിലച്ചതോട്ടിൽ മാലിന്യം കെട്ടിക്കിടന്ന് ആരോഗ്യ ഭീഷണി ഉയർത്തുകയാണ്.