തിരുവല്ല: നഗരത്തിലെ കാഞ്ഞിരുവേലിൽ പഴയ പാലം പൊളിച്ച് പുതിയ പാലത്തിന്റെ പണി ആരംഭിച്ചു. അപ്രോച്ച് റോഡിനായുള്ള കോൺക്രീറ്റ് പില്ലറിന്റെ പണിയും മണ്ണ് ഫില്ലിംഗുമാണ് തുടങ്ങിയത്. ഇരുവശവും മടയിട്ട് വെള്ളം വറ്റിക്കാൻ തുടങ്ങി. കോൺക്രീറ്റ് കാലുകൾ ദ്രവിച്ച് തകർന്നു കിടന്ന പഴയപാലം പൊളിക്കാൻ തുടങ്ങിയത് കഴിഞ്ഞ ദിവസമാണ്. ടൗണിനടുത്തുള്ള പ്രധാന സ്ഥലങ്ങളായ മുത്തൂറിനെയും കാവുംഭാഗത്തെയും രണ്ട് സംസ്ഥാന പാതകളെയും ബന്ധിപ്പിക്കുന്ന പാലമാണിത്. കഷ്ടിച്ച് ഓട്ടോമാത്രം കടന്നുപോകാവുന്ന പാലമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. വാർഡ് വികസനത്തിന് തടസമായിരുന്നു പാലവും റോഡും. ഈ കടമ്പ കടക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ വലിയ വാഹനങ്ങൾക്ക് രണ്ട് കിലോമീറ്റർ മാത്രം സഞ്ചരിച്ച് ഇടിഞ്ഞില്ലം റോഡിൽ എത്താനാകുമായിരുന്നു. കാഞ്ഞിരുവേലിൽപാലം വീതികൂട്ടി നിർമ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. എല്ലാവർഷവും പാലം പുതുക്കി പണിയാൻ നഗരസഭ ബഡ്ജറ്റിൽ പണം നീക്കിവയ്ക്കുമെങ്കിലും നടപടിയുണ്ടാകില്ലായിരുന്നു. പാലത്തിന് കുറഞ്ഞത് 42 വർഷത്തെയെങ്കിലും പഴക്കം കാണുമെന്ന് നാട്ടുകാർ പറയുന്നു. കാഞ്ഞിരുവേലിൽപാലം പുനർനിർമ്മിക്കാൻ നിരവധി തവണ ഫോറം ഒഫ് റസിഡന്റ്‌സ് അസോസിയേഷൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
റോഡ് കൂടി വികസിപ്പിക്കണം
സാൽവേഷൻ ആർമി - കാട്ടൂക്കര -പാലിയേക്കര വടക്ക് -കാഞ്ഞിരവേലി - മന്നൻകരചിറ - ഉത്രമേൽ റോഡ് വികസിപ്പിച്ചാൽ തിരുവല്ലയിൽ നിന്ന് അഴിയിടത്തുചിറയ്ക്ക് ദൂരം രണ്ടര കിലോമീറ്റർ കുറയ്ക്കാനാകും. ആലപ്പുഴ റോഡിൽ കിടങ്ങറയിലെത്താൻ എം.സി റോഡിനെ ആശ്രയിക്കേണ്ട കാര്യവുമില്ല. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യന്റെ ഫണ്ടിൽനിന്ന് അനുവദിച്ച 20 ലക്ഷം രൂപയും മുനിസിപ്പൽ ഫണ്ടിൽനിന്നും അനുവദിച്ച 16 ലക്ഷവും ചേർത്ത് 36 ലക്ഷം രൂപയ്ക്കാണ് പണി ആരംഭിച്ചിട്ടുള്ളത്.
നഗരസഭ 31-ാം വാർഡിൽ, 36 ലക്ഷം ചെലവിട്ട്
നാലുമാസത്തിനുള്ളിൽ പണി പൂർത്തീകരിക്കും.
കരാറുകാരൻ