ചെങ്ങന്നൂർ: പമ്പാനദിയിലെ ഓളപ്പരപ്പിൽ ചെങ്ങന്നൂർ ദേവിയുടെ ആറാട്ട് നടന്നു.മലയാള വർഷത്തെ നാലാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. കൊറോണ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരുന്നു ചടങ്ങുകൾ നടന്നത്.തിരക്ക് കുറക്കാൻ ചടങ്ങിൽ നിന്ന് ആനയെ ഒഴിവാക്കി.താലപ്പൊലി വഴിപാടുകളും ക്ഷേത്രത്തിൽ നടന്നു വരുന്ന അന്നദാനവും ഒഴിവാക്കിയായിരുന്നു ആറാട്ട് ഉത്സവം നടന്നത്. തൃപ്പൂത്തായ ശേഷം ദേവിയെ ശ്രീകോവിലിൽ നിന്നും തൃപ്പൂത്തറയിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ ആറാട്ടിനായി പുറത്തേക്ക് എഴുന്നള്ളിച്ചു.തുടർന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരര് മുഖ്യകാർമ്മികത്വം വഹിച്ചു. ആറാട്ടിനുശേഷം ദേവിയെ കടവിലെ ആറാട്ടു പുരയിലെ പ്രത്യേക മണ്ഡപത്തിൽ എഴുന്നെള്ളിച്ചിരുത്തി.വിശേഷാൽ പൂജകളും ആരതിയും നിവേദ്യവും നടന്നു.തുടർന്ന് ഹംസ വാഹനത്തിലാണ് ദേവിയെ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചത്.ആറാട്ട് കടവിലെയും റോഡിന് ഇരുവശത്തും സമർപ്പിച്ചു വന്നിരുന്ന നിറപറയും ഒഴിവാക്കിയിരുന്നു. ക്ഷേത്രമതിൽക്കകത്ത് പ്രവേശിച്ച ദേവിയെ
ശ്രീകോവിലിന് പുറത്തേക്ക് ഋഷഭ വാഹനത്തിൽ എഴുന്നള്ളിയ മഹാദേവൻ സ്വീകരിച്ച് പടിഞ്ഞാറെ നടയിലെത്തി. ഇവിടെ നിറപറ സമർപ്പണം നടന്നു.പ്രദക്ഷിണം പൂർത്തിയാക്കി അകത്തെഴുന്നള്ളിച്ച ശേഷം ഇരുനടകളിലും കളഭാഭിഷേകം നടന്നു.ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ.സി.ശ്രീകുമാരി, ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.തൃപ്പൂത്താറാട്ട് ദിവസം മുതൽ 12 ദിവസം ഹരിദ്രപുഷ്പാഞ്ജലി നടത്താൻ സൗകര്യമുണ്ട്.