sabarimala-

പത്തനംതിട്ട: കൊറോണ ബാധ നിയന്ത്രണത്തിന്റെ ഭാഗമായി, 28ന് ഉത്രം ഉത്സവത്തിന് ശബരിമല നട തുറക്കുമ്പോൾ ഭക്തരെ പ്രവേശിപ്പിക്കാതിരിക്കാൻ ദേവസ്വം ബോർഡ് കർശന നടപടിയെടുക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ അതിർത്തി ചെക്ക്പാേസ്റ്റുകളിൽ തടഞ്ഞ് തിരിച്ചയയ്ക്കും.

നിയന്ത്രണങ്ങൾ പാലിക്കാതെയെത്തുന്നവരെ നിലയ്ക്കലിൽ തടഞ്ഞ് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി തിരിച്ചയയ്ക്കാൻ പൊലീസിനോട് ആവശ്യപ്പെടും. പമ്പയിലും സന്നിധാനത്തും ഹാേട്ടലുകളും കുടിവെള്ള സംവിധാനവും ഉണ്ടാകില്ല.

കൊടിയേറ്റ് 29നാണ്. ഏപ്രിൽ ആറിന് ശരംകുത്തിയിലേക്ക് പള്ളിവേട്ടയും ഏഴിന് പമ്പയിലേക്ക് ആറാട്ട് ഘോഷയാത്രയും നടക്കുമ്പോൾ സാധാരണ വൻ തിരക്കാണ്. ഇത്തവണ ഇവ ചടങ്ങുകൾ മാത്രമാക്കും. നിയന്ത്രണം ഏപ്രിലിലും തുടർന്നാൽ മേടമാസ പൂജയ്ക്കും വിഷുക്കണി ദർശനത്തി

നും ഭക്തരെ പ്രവേശിപ്പിക്കില്ല.

മീനമാസ പൂജയ്ക്ക് ഭക്തർ ശബരിമലയിലേക്ക് വരരുതെന്ന് ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചിരുന്നെങ്കിലും ഒൻപതിനായിരത്തോളം പേർ ദർശനം നടത്തിയെന്നാണ് കണക്ക്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരായിരുന്നു ഏറെയും.

'ഉത്സവ സമയത്ത് ഭക്തൻമാർ ശബരിമലയിലേക്ക് വരാതിരിക്കുന്നതാണ് നല്ലത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ദേവസ്വം ബോർഡും നൽകുന്ന നിർദേങ്ങൾ അയ്യപ്പഭക്തർക്കും ബാധകമാണ്. പല സംസ്ഥാനങ്ങളിൽ നിന്ന് ഭക്തൻമാർ എത്തുന്ന ക്ഷേത്രമാണ് ശബരിമല. അതുകൊണ്ട് രോഗബാധ തടയേണ്ടത് ഭക്തരുടെയും ഉത്തരവാദിത്വമാണ്. ഇൗ സമയത്ത് ശബരിമലയിലേക്ക് വരാതിരുന്നാണ് ഭക്തി കാട്ടേണ്ടത്".

- തന്ത്രി മഹേഷ് മോഹനര്

'എല്ലാവരും ജാഗ്രത കാട്ടണം. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഇൗ സമയത്ത് ശബരിമലയിലേക്ക് ഭക്തർ വരാതിരിക്കുകയാണ് വേണ്ടത്. ഉത്സവത്തിന് ക്ഷേത്രത്തിന് പുറത്ത് ഉത്സവബലി, ശ്രീഭൂതബലി എന്നീ ചടങ്ങുകൾ നടത്തേണ്ടതുണ്ട്. ഇത് ഒഴിവാക്കാനാവില്ല. വഴിപാടുകൾ നേർന്നിട്ടുളളവർ നേരിട്ട് എത്തണമെന്നില്ല. അവരുടെ പേരിൽ പൂജകൾ നടക്കും".

- മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി

തീർത്ഥാടകരെ പ്രവേശിപ്പിക്കരുതെന്ന്

സർക്കാർ നിർദ്ദേശം

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശബരിമല ഉത്സവത്തിന് തീർത്ഥാടകരെ പ്രവേശിപ്പിക്കാതെ ആചാരപരമായ ചടങ്ങുകൾ മാത്രം നടത്താൻ ദേവസ്വം ബോർഡ്, ജില്ലാ ഭരണകൂടം, പൊലീസ് മേധാവി എന്നിവർക്ക് സർക്കാർ നിർദ്ദേശം നൽകി.

പത്തനംതിട്ടയിൽ 9 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ 235 പേർ പ്രൈമറി കോൺടാക്ട് ലിസ്റ്റിലും 501 പേർ സെക്കൻഡറി ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. ഇവർ ഹോം ഐസൊലേഷനിലാണ്. കൊറോണ ബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ തീർത്ഥാടകരെ കടത്തിവിടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നിയന്ത്രണം ഏർപ്പെടുത്തണമെന്നും ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

യോഗം ഇന്ന്

സർക്കാർ നിർദേശം ചർച്ച ചെയ്യുന്നതിന് ദേവസ്വം ബോർഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഉത്സവ സമയത്ത് ചെയ്യേണ്ട നിയന്ത്രണങ്ങൾ യോഗത്തിൽ തിരുമാനിക്കുമെന്ന് ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. നിയന്ത്രണങ്ങൾ ബോർഡിന്റെ എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമായിരിക്കും.