പൈലിംഗ് ജോലികൾ പുരോഗമിക്കുന്നു
കടമ്പനാട് : മണ്ണടി ചെട്ടിയാരഴികത്ത് കടവിൽ പാലം പണി പുരോഗമിക്കുന്നു. കല്ലടയാറിന് കുറുകെ കൊല്ലം - പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ മണ്ണടി ഭാഗത്താണ് പണികൾ പുരോഗമിക്കുന്നത്. തൂണുകൾ ഉറപ്പിക്കുന്നതിനുള്ള പൈലിംഗ് ജോലികൾ നടക്കുകയാണ്. 20 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതിൽ 10.12 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പണികൾ ആരംഭിച്ചത് . ജൂണിന് മുൻപ് തൂണുകൾ ഉറപ്പിക്കുന്ന ജോലികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. പാലത്തിന് വെള്ളത്തിൽ മൂന്ന് തൂണുകളും കുളക്കടഭാഗത്ത് കരയിൽ രണ്ട് തൂണുകളും മണ്ണടിഭാഗത്ത് കരയിൽ രണ്ടുതുണുകളും ഉൾപ്പെടെ ഏഴ് തൂണുകളാണ് ഉള്ളത് .
2019 നംവംബർ 29ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പാലത്തിന് കല്ലിട്ടു.
ചെലവ് : 20 കോടി
നീളം : 130.70 മീറ്റർ, വീതി : 11 മീറ്റർ,
നടപ്പാത : 1.50 മീറ്റർ (ഇരുവശങ്ങളിലും).
മണ്ണടി ഭാഗത്ത് 390 മീറ്റർ നീളത്തിലും കുളക്കടഭാഗത്ത് 415 മീറ്റർ നീളത്തിലും ഒാടകൾ ഉൾപ്പെടുത്തി അന്താരാഷ്ട്രനിലവാരത്തിൽ റോഡുകളും നിർമിക്കും. കേരളാ റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല.
നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്
ചെട്ടിയാരഴികത്ത് കടവ് കടന്ന് മറുകര എത്തണമെങ്കിൽ ഇതുവരെ കടത്തുവള്ളമായിരുന്നു ആശ്രയം.പാലം യാഥാർത്ഥ്യമാകുന്നതോടെ മണ്ണടിയിൽ നിന്ന് കൊട്ടാരക്കര,പുത്തൂർ ഭാഗത്തേക്കുള്ള എളുപ്പവഴിയാകും. കടമ്പനാട്ടുള്ളവരും മണ്ണടി വഴി ഏനാത്തെത്തിയാണ് ഇപ്പോൾ കൊട്ടാരക്കരയ്ക്ക് പോകുന്നത്. കുളക്കടഭാഗത്തുള്ളവർക്ക് അടൂർ,പന്തളം ഭാഗത്തേക്കുവരാനുള്ള എളുപ്പമാർഗവുമാകും.