21-somarajan
ഗാനമേളയിൽ പുതിയ പരീക്ഷണങ്ങളുമായി സജിത്ത് സോമരാജ്

ചെങ്ങറ: സംഗീതത്തിൽ പുതിയ പരീക്ഷണങ്ങളുമായി ഗായകനായ ചെങ്ങറ-മണ്ണിൽ സജിത്ത് സോമരാജ്.സ്‌കൂൾ,കോളേജ് തലങ്ങളിൽ സംഗീത മത്സരങ്ങളിൽ തിളങ്ങിയ ഇദ്ദേഹം 2017ൽ ഖത്തറിൽ ജോലി ചെയ്യുമ്പോഴാണ് വാട്സ് ആപ്പിൽ പുതിയ സംഗീത ഗ്രൂപ്പ് തുടങ്ങുന്നത്.സംസ്ഥാനത്തെ 14 ജില്ലകളിലും,സംസ്ഥാനത്തിന് പുറത്തും,വിദേശങ്ങളിലുമായുള്ള നൂറോളം പേർ ഇതിൽ അംഗങ്ങളാണ്.ലണ്ടനിലുള്ള സുഹൃത്തിന്റെ സഹായത്തോടെ സ്മ്യൂൾ എന്ന ആപ്പിലൂടെ ഗ്രൂപ്പിലുള്ള എല്ലാവർക്കും പാടാനുള്ള അവസരം ലഭ്യമാക്കി. ഇതിലൂടെ പാടാൻ പ്രേരിപ്പിച്ചും പിഴവുകൾ തിരുത്തി കൊടുത്തും ആത്മവിശ്വാസം നൽകി.പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതെ വീടുകളിലിരുന്ന പാടിയവർക്ക് പുതിയ അനുഭവമായി.ഇതിന്റെ സങ്കേതിക വശങ്ങളും സജിത്ത് ഇവർക്ക് പരിചയപ്പെടുത്തി.സ്മൂളിൽ ഹെഡ്ഫോൺ വഴി പാടുമ്പോൾ കാരാക്കേ പാടുന്നയാൾക്ക് കേൾക്കാൻ കഴിയും. വോക്കൽ മാത്രം കൊടുത്താൽ മതി പാടി കഴിയുമ്പോൾ മിക്സ് ചെയ്ത് പുറത്ത് വരും. ഇത് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാണ്. ഈ സംഘത്തിലെ 100 പേരും പരസ്പരം കണ്ടിട്ടില്ലാത്തവരാണന്ന പ്രത്യേകതയുമുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെ ഇവരുടെ പാട്ടുകളിൽ പലതും വൈറൽ ആയതോടെയാണ് ഇവരെയുൾപ്പെടുത്തി ഗാനമേളകൾ നടത്തി തുടങ്ങിയത്. കഴിവുകളുണ്ടായിട്ടും വീടുകളിലൊതുങ്ങിയിരുന്ന പലരും ഇതിലൂടെ പൊതുവേദികളിൽ പാടാൻ മുൻപോട്ടു വന്നു. ഓരോ ജില്ലകളിൽ പ്രോഗ്രാമിനെത്തുമ്പോൾ ഗ്രൂപ്പിലെ അവിടെയുള്ള ഗായകരെയുൾപ്പെടുത്തുകാണ് പതിവ്. പാട്ടുകാരുടെ തിരഞ്ഞെടുപ്പും,പരിശീലനവും,ഓഡിയേഷനുമെല്ലാം ഓൺലൈനായാണ് സജിത്ത് ചെയ്യുന്നത്. ഓൺലൈനിലെ സാങ്കേതിക വിദ്യഉപയോഗപ്പെടുത്തി തുടങ്ങിയ ഗ്രൂപ്പിന് ഗാനമേളകൾ ലഭിച്ച് തുടങ്ങിയതോടെ സജിത്ത് ഗൾഫിൽ നിന്ന് തിരികെ നാട്ടിലെത്തി ഇതിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്

നിർദ്ധനരായ രോഗികൾക്ക് സഹായം

2018ൽ തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ രോഗികൾക്കായി എന്ന പേരിൽ രാഗസുധയെന്ന പേരിൽ സൗജന്യമായി സംഗീതക്കച്ചേരി അവതരിപ്പിച്ചിരുന്നു.അന്ന്ഗ്രൂപ്പിലെ അംഗങ്ങൾ ചേർന്ന് 2 ലക്ഷം രൂപ നിർദ്ധനരായ കാൻസർ രോഗികൾക്ക് നൽകി. കഴിഞ്ഞ 4ന് ചങ്ങറ 3366 എസ്.എൻ.ഡി.പി.ശാഖയിൽ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് സൗജ്യന്യമായി ഗാനമേള നടത്തി നാട്ടിലും ശ്രദ്ധേയനായി സജിത്ത്. പ്രദീപ് ചിറ്റാർ,ദേവനാരായണൻ ചാരുംമൂട്, ജയകുമാർ ആലപ്പുഴ, സജയ് ആറ്റിങ്ങൽ,വീണ കരുനാഗപ്പള്ളി,അനീഷ് കരുനാഗപ്പള്ളി,ബിന്ദു ഹരികുമാർ,അനു മനോജ് ചേർത്തല,ശ്രീജിത്ത് തേക്കുത്തൊട് എന്നിവരാണ് ഇതിലെ പ്രധാന ഗായകർ.