ഇലവുംതിട്ട: വിധവയും വയോധികയുമായ തൊഴിലുറപ്പ് തൊഴിലാളിക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയില്ലെന്ന് പരാതി. തുമ്പമൺ താഴം കൊച്ചുമോടിയിൽ റാഹേലി (65)നാണ് മർദ്ദനമേറ്റത്. ഇലവുംതിട്ട ജനമൈത്രി സ്റ്റേഷനിൽ നൽകിയ പരാതി സ്വീകരിച്ചതല്ലാതെ രസീത് നൽകിയില്ല. 5 ദിവസമായിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും അതിനാൽ താൻ നിരന്തര ഭീഷണി നേരിടുകയാണെന്നും കാണിച്ച് റാഹേൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കഴിഞ്ഞ 16 ന് രാവിലെ ആണ് സംഭവം. തൊഴിലുറപ്പ് ജോലിക്ക് പോകുമ്പോൾ അയൽവാസിയായ യുവതി റാഹേലിന്റെ വലതും കൈ പിടിച്ച് തിരിക്കുകയും കഴുത്തിന് അടിക്കുകയുമായിരുന്നുത്രെ. ഉടൻ സ്റ്റേഷനിൽ എത്തി പരാതി നൽകിയ ശേഷം തുമ്പമൺ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഒ.പി വിഭാഗത്തിൽ ചികിൽസ തേടി. അടുത്ത ദിവസം വൈകിട്ട് മറ്റൊരു യുവാവ് വീടിന്റെ സിറ്റൗട്ടിൽ കടന്നുകയറി ഭീഷണിപ്പെടുത്തിയെന്നും അതിനാൽ ജോലിക്ക് പോകാൻ കഴിയാതെ വീട്ടിൽ ഭയന്ന് കഴിയുകയാണെന്നും റാഹേൽ പൊലീസ് ചീഫിന് നൽകിയ പരാതിയിൽ പറയുന്നു.