പന്തളം: പറന്തൽ പൂവത്തൂർ വീട്ടിൽ അരുൺ ജോസിന്റെ വീട്ടിൽ മോഷണം. ഏഴ് പവൻ സ്വർണ്ണവും ഏഴായിരം രൂപയും മോഷ്ടിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അരുൺ ജോസിന്റെ സഹോദരി അഞ്ജു ബിനിലിന്റെ സ്വർണ്ണവും പണവുമാണ് നഷ്ടപ്പെട്ടത്. സഹോദരിയും ഭർത്താവ് ബിനിൽ മാത്യുവും ഇവിടെ വിരുന്നു എത്തിയതാണ്. ഇവർ കിടന്നുറങ്ങിയ മുറിയിൽ സ്വർണ്ണവും പണവും ബാഗിലാക്കി മേശപ്പുറത്ത് വച്ചിരിക്കുകയായിരുന്നു. നാലര പവന്റെ മാലയും രണ്ടര പവന്റെ രണ്ടു വളകളും പണവുമെടുത്തതിന് ശേഷം അരുണും ഭാര്യ രേണുവും കിടന്ന മുറിയിൽ കയറി രേണുവിന്റെ കഴുത്തിൽ കിടന്ന മാല പറിക്കാൻ ശ്രമിച്ചപ്പോൾ ഇവർ ഉണർന്നതോടെ മോഷ്ടാവ് കടന്നുകളയുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തെ കതകിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. മോഷണ വിവരം വിളിച്ച് പന്തളം പൊലിസിൽ അറിയിച്ചപ്പോൾ തന്നെ സി.ഐ. ഇ.ഡി. ബിജു, എസ്.ഐ. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇന്നലെ പത്തനംതിട്ടയിൽ നിന്ന് വിരടയാള വിദഗ്ദ്ധരെത്തി പരിശോധിച്ചു.