തിരുവല്ല: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ താലൂക്കിൽ നിരീക്ഷണത്തിൽ കഴിയുന്ന 411 പേരിൽ ആറുപേരുടെ സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു. വിദേശങ്ങളിൽ നിന്ന് നാട്ടിലെത്തിയ ഇവരിൽ പനിയും ചുമയും ശ്വാസതടസവും തൊണ്ടവേദയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സാമ്പിളുകൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യുട്ടിലേക്ക് അയച്ചത്. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 599 പേരിൽ 186 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കി. അതേസമയം ഡൽഹി, കർണ്ണാടക, ബാംഗ്ലൂർ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ അവധി പ്രഖ്യാപിച്ചതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെ കൂടുതൽപേർ നാട്ടിലേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ സ്ക്രീനിങ് കർശനമാക്കിയിരിക്കുകയാണ്. ഇന്നലെ മാത്രം 655 പേർ പരിശോധനയ്ക്ക് വിധേയരായി.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് എല്ലാവിധ പിന്തുണയും സഹായവും ലഭ്യമാക്കാൻ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന അടിയന്തരയോഗം തീരുമാനിച്ചു.
. രോഗ നിയന്ത്രണത്തിനായി നൽകുന്ന എല്ലാ നിർദ്ദേശങ്ങളും പാലിക്കാൻ ജനങ്ങൾ സന്നദ്ധമാകണമെന്ന് കമ്മറ്റി അഭ്യർത്ഥിച്ചു. ബ്രേക്ക് ദ ചെയിൻ കാമ്പയിൻ ബ്ലോക്കിലെ എല്ലാ പ്രദേശങ്ങളിലും വ്യാപിപ്പിക്കും. ബ്ലോക്കിലെ തൽസ്ഥിതികൾ നോഡൽ ഓഫീസർ ഡോ. മാമ്മൻ പി.ചെറിയാൻ ,ഹെൽത്ത് സൂപ്പർവൈസർ കെ.എം. സാബുക്കുട്ടി എന്നിവർ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ ശോശാമ്മ മജു, ബിനിൽ കുമാർ, ഈപ്പൻ കുര്യൻ, സതീഷ് ചാത്തങ്കരി, അന്നമ്മ വർഗീസ്, പ്രസന്നകുമാരി, പ്രസാദ് കെ.ജി, എം.ബി.നൈനാൻ, പ്രസന്നകുമാരി എന്നിവർ പ്രസംഗിച്ചു.
----------------------------
411 പേർ നിരീക്ഷണത്തിൽ
തിരുവല്ല റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പരിശോധന കർശനം