പത്തനംതിട്ട: നാട്ടിൽ എന്തോ വൈറസ് രോഗം പടർന്നിട്ടുണ്ട്...അതിനാൽ പുറത്തുനിന്ന് എത്തുന്നവരിൽ നിന്ന് അകന്നുനിൽക്കണം... കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആദിവാസി ഊരുകളിലുള്ളവരും ജാഗ്രതയിലാണ്...ളാഹ മഞ്ഞത്തോട് ആദിവാസി മേഖലയിലെ തങ്കയും, തങ്കമണിയും, ആശയും ഓമനയുമെല്ലാം വൈറസിനെ പ്രതരോധിക്കാൻ തയ്യാറായിക്കഴിഞ്ഞു.
ഇപ്പോൾ പുറത്തുനിന്ന് ആരെങ്കിലും എത്തിയാൽ മുൻകരുതലുകളോടെയാണു സമീപനം. കൊറോണ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി റാന്നി അഡിഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തിൽ ളാഹ മഞ്ഞത്തോട് ആദിവാസി മേഖലയിൽ സംഘടിപ്പിച്ച ബ്രേക്ക് ദ ചെയിൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയ സംഘത്തെ കണ്ടപ്പോൾ അവർ ആദ്യം ഓടിമറഞ്ഞു. നാലു വയസുള്ള സുബിയും അഞ്ചു വയസുള്ള അലീനയും മറ്റു കുരുന്നുകളുമെല്ലാം ഏതോ വലിയ ആപത്ത് മണത്തറിഞ്ഞതു പോലെ മുതിർന്നവർക്കൊപ്പം ഓടിപ്പോയി. പിന്നീട് സംഘം വന്നതിന്റെ ലക്ഷ്യം ഉച്ചത്തിൽ വിളിച്ചുപറഞ്ഞപ്പോൾ എല്ലാവരും പുറത്തേക്കുവന്നു.
തുടർന്ന്കൊറോണ പകരുന്ന വിധവും വ്യക്തി ശുചിത്വം, കൈ കഴുകൽ എന്നിവയും സംബന്ധിച്ച് റാന്നി ശിശുവികസന പദ്ധതി ഓഫീസർ കെ.ജാസ്മിൻ വിശദീകരിച്ചത് ഉത്സാഹത്തോടെ കേട്ടുനിന്നു. വെള്ളവും സോപ്പും ലഭ്യമാക്കിയാൽ കൈ കഴുകുന്നതിനു സമ്മതമാണെന്നും ആദിവാസികൾ അറിയിച്ചു. സംഘം നിർദ്ദേശിച്ച രീതിയിൽ എല്ലാവരും കൈ കഴുകി.
ഈ മേഖലയിൽ വെള്ളത്തിനു ബുദ്ധിമുട്ടുള്ളതിനാൽ ഒരു കിലോമീറ്റർ ദൂരെയുള്ള വനത്തിൽ നിന്നാണ് ഇവർ വെള്ളമെടുക്കുന്നത്. ഇവിടെ ടാങ്കുകളിൽ വെള്ളം എത്തക്കേണ്ട അവസ്ഥയാണുള്ളതെന്ന് സംഘാംഗങ്ങൾ പറഞ്ഞു. പന്തളം, അട്ടത്തോട് എന്നീ അങ്കണവാടികളിലെ വർക്കർമാർ എത്തിച്ച രണ്ടു ടാങ്കുകൾ ഇവിടെയുണ്ട്. മഞ്ഞത്തോട് ആദിവാസി മേഖലയിൽ സംഘടിപ്പിച്ച ബ്രേക്ക് ദ ചെയിൻ കാമ്പയിൻ വാർഡ് അംഗം രാജൻ വെട്ടിക്കൽ, മുൻ വാർഡ് അംഗം ഉത്തമൻ, അംഗൻവാടി വർക്കർ കുഞ്ഞുമോൾ ,ശിശുവികസന പദ്ധതി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.