മല്ലപ്പള്ളി: ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് സമ്മേളനം കൊറോണ ഭീതിയിൽ വെബ്കാസ്റ്റിങ്ങിലൂടെ ജനങ്ങളിലെത്തിച്ചു. രാവിലെ 11.30ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജി ശാമുവേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ബഡ്ജറ്റ് അവതരിപ്പിച്ചു. സർക്കാർ പ്രഖ്യാപിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാണ് സമ്മേളനം ക്രമീകരിച്ചത്. ജനപ്രതിനിധികളും ജീവനക്കാരും മാത്രമാണ് പങ്കെടുത്തത്. ഹാളിൽ എത്തിയവരുടെ കൈകൾ സാനിറ്റെസർ ഉപയോഗിച്ച് അണുവിമുക്തമാക്കി. ഒരുമീറ്റർ അകലത്തിൽ ക്രമീകരിച്ച കസേരകളിലാണ് സദസ്സ്യരായവർ ഇരുന്നത്. വേദിയിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാർ, സെക്രട്ടറി എന്നിവർക്ക് മാത്രമാണ് ഇരിപ്പിടം ഒരുക്കിയത്, അതും ഒരു മീറ്റർ അകലംപാലിച്ചായിരുന്നു. ഈശ്വര പ്രാർത്ഥന, സ്വാഗതം എന്നിവയ്ക്ക് ശേഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഡ്ജറ്റ് പ്രസംഗം നടത്തി. പിന്നീട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഡ്ജറ്റ് പത്രിക അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുകോശി പോൾ ആശംസകൾ നേർന്നു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് ഇമ്മാനുവേൽ, സെക്രട്ടറി പി.കെ. ജയൻ എന്നിവർ പ്രസംഗിച്ചു. 45 മിനിറ്റുകൾകൊണ്ട് സമ്മേളനം അവസാനിപ്പിച്ചു. രണ്ട് അംഗങ്ങൾക്ക് സമ്മേളനത്തിൽ എത്താൻ സാധിക്കാത്തതിനാലും നിരവധിയാളുകൾ ഹോം ഐസൊലേഷനിലും മല്ലപ്പള്ളി നിവാസികളായ നിരവധിപേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ ഭീതിയിലും ആയതിനാലാണ് സംസ്ഥാനത്ത് ആദ്യമായി വെബ്കാസ്റ്റിങ്ങിലൂടെ ബഡ്ജറ്റ് അവതരണം സംപ്രേക്ഷണം നടത്തിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ പറഞ്ഞു.