21-viswabharathi

ചെങ്ങന്നൂർ: 'ആശങ്കവേണ്ട ജാഗ്രത മതി' എന്ന ആശയത്തെ അടിസ്ഥാനമാക്കി ആല പെണ്ണുക്കര വിശ്വഭാരതി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആല ഗ്രാമപഞ്ചായത്തിലെ ഓഫീസുകളിലും ജനങ്ങൾക്കും സൗജന്യമായി നൽകുന്ന മാസ്‌ക്കുകളുടെ വിതരണം സജി ചെറിയാൻ എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ശോഭയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. 70 വർഷത്തോളം പഴക്കമുള്ള ഗ്രന്ഥശാല പതിനായിരത്തോളം പുസ്തകങ്ങളുള്ള മോഡൽ വില്ലേജ് ലൈബ്രറിയാണ്. ഇവിടെ ജനസേവാകേന്ദ്രം പ്രവർത്തിച്ചുവരുന്നു. സർക്കാറിന്റെ പെൻഷനുകൾക്കും ചികിത്സാ സഹായങ്ങൾക്കുമുള്ള അപേക്ഷകൾ സൗജന്യമായി നൽകി വരുന്നു. മൂന്നുവർഷമായി ലൈബ്രേറിയൻ ബിന്ദു.എസ്.കുമാർ വനിതകൾക്ക് സൗജന്യമായി തയ്യൽ പരിശീലനം നൽകുന്നുണ്ട്. ഇവിടുത്തെ പഠിതാക്കളായ തങ്കമണി, അംബിക, രമ്യാ തുടങ്ങിയവർ തുന്നിയ മാസ്‌കുകളാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. ഗ്രന്ഥശാല പ്രസിഡന്റ് രമേശ് പ്രസാദ് അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ സെക്രട്ടറി കെ.ആർ.മുരളീധരൻ പിള്ള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ മാത്യു, കൗൺസിലർമാരായ സജികുമാർ, ലീലാമ്മ സി.എൻ എന്നിവർ പ്രസംഗിച്ചു.