പത്തനംതിട്ട: കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളിൽ ഐസലേഷനിൽ കഴിയുന്നവർ ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അല്ലാത്തവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രികെ.രാജു പറഞ്ഞു. എെസൊലേഷനിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ ലംഘിച്ച് സാമൂഹ്യവ്യാപനത്തിന് കാരണമായാൽ അതു ദേശവിരുദ്ധ പ്രവർത്തനമായി കണക്കാക്കി കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ ജില്ലയിൽ ഇന്ന് മുതൽ കൊറോണ ജാഗ്രതയെക്കുറിച്ച് ഉച്ചഭാഷിണി അനൗൺസ്‌മെന്റ് നടത്തും. വാർഡ്, പഞ്ചായത്ത്, മണ്ഡലം തലത്തിലെ മോണിറ്ററിംഗ് കമ്മിറ്റി യോഗങ്ങൾ അതത് മണ്ഡലങ്ങളിലെ എം.എൽ.എ മാരെ കൃത്യമായി അറിയിക്കണം. ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികൾ ജില്ലയിൽ ഒഴിവാക്കണം. മതപരമായ ചടങ്ങുകൾ പരമാവധി ആളുകളെ കുറച്ച് നടത്തുക. പൊതുസ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും കൈകൾ കഴുകുവാനുള്ള സംവിധാനം വ്യാപകമായി തയ്യാറാക്കിയിട്ടുണ്ട്.

വലിയ കെട്ടിടങ്ങൾ എെസൊലേഷൻ വാർഡുകളാക്കും

ഐസലേഷൻ വാർഡുകളായി ഉപയോഗിക്കുവാൻ സാധിക്കുന്ന വലിയ കെട്ടിടങ്ങൾ, പ്രവർത്തനരഹിതമായ കോളേജുകൾ, ആശുപത്രികൾ എന്നിവ കണ്ടെത്തി അവ സൗകര്യപ്രദമാക്കി ഉപയോഗപ്രദമാക്കും. അത്തരത്തിലുള്ള കെട്ടിടങ്ങൾ ഉണ്ടെങ്കിൽ വിവരങ്ങൾ ജില്ലാ കളക്ടറെ അറിയിക്കണം. സാമൂഹിക സ്തംഭനാവസ്ഥ മാറ്റുന്നതിനാണു സംസ്ഥാന സർക്കാർ പാക്കേജുകൾ ഉണ്ടാക്കായിരിക്കുന്നത്. ഹോം ഐസലേഷനിൽ കഴിയുന്നവർ ആരോഗ്യ പ്രവർത്തകർ പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ പൊലീസിന്റെ സഹായം തേടാം. ജില്ലയിലെ പ്രവർത്തനങ്ങൾ മികച്ചതാണെന്നും ജില്ലാ കളക്ടർ നൽകുന്ന നിർദ്ദേശങ്ങൾ എല്ലാ ഉദ്യോഗസ്ഥരും കർശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
എം.എൽ.എ മാരായ മാത്യു ടി.തോമസ്, രാജു എബ്രഹാം, വീണാ ജോർജ്, ചിറ്റയം ഗോപകുമാർ, കെ.യു ജനീഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ജില്ലാ കളക്ടർ പി.ബി.നൂഹ്, തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയൽ, ഡി.എം.ഒ ഡോ.എ.എൽ ഷീജ, ഡി.പി.എം:ഡോ.എബി സുഷൻ, ഡെപ്യൂട്ടി ഡി.എം.ഒ: ഡോ.സി.എസ്.നന്ദിനി തുടങ്ങിയവർ പങ്കെടുത്തു.