പത്തനംതിട്ട : കൊറോണയ്ക്ക് നാരങ്ങാ ബെസ്റ്റാണത്ര. ലോകരാഷ്ട്രങ്ങളെ മുട്ടു കുത്തിച്ച കൊറോണ വൈറസ് ഒരു നാരങ്ങാ കഴിച്ചാൽ മാറുമെന്ന് വിശ്വസിക്കാൻ മാത്രം നിഷ്കളങ്കർ നമ്മുടെ കൂട്ടത്തിലുണ്ട്. കൃത്യമായി മരുന്ന് പോലും നിർണയിക്കാൻ കഴിയാതെ ശാസ്ത്രലോകം പകച്ചു നിൽക്കുമ്പോഴാണ് നാരങ്ങ, ചൂടുവെള്ളം തുടങ്ങിയ പ്രയോഗങ്ങൾ. കഴിഞ്ഞ പതിന്നാല് മുതൽ ഇതുവരെ ജില്ലയിൽ ഗുരുതരമായ 6 വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിട്ടുണ്ട് അതിൽ ഒന്നാണ് മുകളിൽ പറഞ്ഞത്.
ഇതിൽ ഒരെണ്ണത്തിന് എഫ്.ഐ.ആർ ഉം തയാറാക്കിയിട്ടുണ്ട്. പന്തളത്ത് കൊറോണ പോസിറ്റീവ് റിപ്പോർട്ട് ചെയ്തെന്ന വാർത്തയ്ക്കാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഓരോ ദിവസവും പരിശോധനാ ഫലം നെഗറ്റീവ് ആകണേയെന്ന് പ്രാർത്ഥിക്കുമ്പോഴാണ് ഇങ്ങനെ നട്ടാൽ മുളയ്ക്കാത്ത നുണപ്രചരണങ്ങൾ. ഇന്റർനാഷണൽ ആന്റീ കറപ്ഷൻ അസോസിയേഷൻ എന്നപേരിലുള്ള പേജിൽ യൂനിസെഫിന്റെ ലോഗോ പോലും മാറ്റി പ്രദർശിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി പേജുകളും പോസ്റ്റുകളും ഇപ്പോഴും നിരീക്ഷണത്തിലാണ്.
ഷെയർ, പോസ്റ്റ്, കമന്റ് ....നിങ്ങളും നിരീക്ഷണത്തിലാണ്
സോഷ്യൽ മീഡിയയിൽ നിങ്ങൾ ആക്ടീവാണോ. ആണെങ്കിൽ നിങ്ങളുടെ പോസ്റ്റുകൾ എല്ലാം നിരീക്ഷണത്തിലാണെന്ന് ഓർമവേണം. ഏതെങ്കിലും തരത്തിൽ ജനങ്ങളെ ഭീതിപ്പെടുത്താനോ വ്യാജ സന്ദേശങ്ങൾ ഷെയർ ചെയ്യാനോ ശ്രമിക്കുകയാണെങ്കിൽ ഉറപ്പായും നടപടിയുണ്ടാകും. ഇതെല്ലാം നിരീക്ഷിക്കാൻ സൈബർ സെല്ലിലും കളക്ടറേറ്റിലും വിവിധ ടീമുകൾ പ്രവർത്തിക്കുന്നുണ്ട്. ഫേസ്ബുക്ക്, വാട്സ് ആപ്പ്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, ടിക്ടോക് തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെ കൊറോണ വൈറസിനെതിരെ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളെല്ലാം നീരീക്ഷിക്കാൻ മീഡിയ സർവൈലൻസ് ടീം കളക്ടറേറ്റിൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തനക്ഷമമാണ്. സൈബർ സെല്ലും ജാഗരൂകരായി ഒപ്പമുണ്ട്. വ്യാജ സന്ദേശങ്ങൾ മാത്രമല്ല. പ്രധാനപ്പെട്ട വിവരങ്ങളും ഇവരുടെ നിരീക്ഷണത്തിൽ കണ്ടെത്തി അധികൃതരെ അറിയിക്കാറുണ്ട്. ഐസോലേഷനിലുള്ള യുവതിയ്ക്കെതിരെ മോശമായി പ്രതികരിച്ച സംഭവം കണ്ടെത്തി റിപ്പോർട്ട് ചെയ്ത്‌ത് ഇവരുടെ ടീം വർക്കാണ്.
"വ്യാജ സന്ദേശങ്ങൾ മാത്രമല്ല പത്ര - ദൃശ്യ മാദ്ധ്യമ വാർത്തകളും നിരീക്ഷിക്കാറുണ്ട്. കൈമാറേണ്ട വിവരങ്ങൾ ആണെങ്കിൽ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കും. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ബോദ്ധ്യമാവുകയാണെങ്കിൽ അത് റിപ്പോർട്ട് ചെയ്യുക തുടങ്ങി വിവിധ വിവരങ്ങൾ ശേഖരിച്ച് കളക്ടർക്ക് റിപ്പോർട്ട് ചെയ്യും. കളക്ടർ പരാതി എസ്.പിയ്ക്ക് കൈമാറും. "
ഡോ. അംജിത്
(മീഡിയ സർവൈലൻസ് ടീം)