കൊടുമൺ : കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ മാനിച്ച് ഈ വർഷത്തെ മീനഭരണി,കാർത്തിക,തിരുവാതിര മഹോത്സവത്തിൽ നിന്നും ആളുകൾ വളരെ കൂടുവാൻ സാദ്ധ്യതയുള്ള ആഘോഷ പരിപാടികളു പുതിയതായി പണികഴിപ്പിച്ച തൂക്ക് വില്ലിന്റെ സമർപ്പണവും ഒഴിവാക്കിയതായി ഒരിപ്പുറത്ത് ഭഗവതി ദേവസ്വം പത്രക്കുറിപ്പിലൂടെ അറിയിച്ചു.മാർച്ച് 27,28,29,ഏപ്രിൽ ഒന്ന് തീയതികളിൽ ക്ഷേത്രത്തിൽ നടത്തുവാൻ തീരുമാനിച്ചിരുന്ന ആഘോഷങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.മാർച്ച് 27ന് നടത്തുവാൻ തീരുമാനിച്ച തൂക്ക വില്ലിന്റെ സമർപ്പണവും കലാപരിപാടിയും മീനഭരണി ദിവസത്തെ കെട്ടുകാഴ്ച, എഴുന്നെള്ളത്ത്,കഥകളി,മറ്റ് ആളുകൾ കൂടാൻ സാദ്ധ്യതയുള്ള പരിപാടികൾ എന്നിവ ഒഴിവാക്കി.കാർത്തിക ദിവസത്തെ ഗരുഡൻതൂക്കം,നേർച്ച തൂക്കം,എന്നിവയും ഒഴിവാക്കിയതായി ദേവസ്വം പത്രക്കുറിപ്പിൽ അറിയിച്ചു. തിരുവാതിര ദിവസത്തെ എഴുന്നെള്ളത്തിൽ ആൾപിണ്ടി,വിളക്ക്,ചമയവിളക്ക്,താലപ്പൊലി,തുടങ്ങിയവ ഒഴിവാക്കാൻ തീരുമാനിച്ചതായും അന്ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന കലാപരിപാടികളും വേണ്ടെന്നുവയ്ക്കാൻ തീരുമാനിച്ചതായി ദേവസ്വം പത്രക്കുറിപ്പിൽ അറിയിച്ചു.ബുക്കിംഗ് കാൻസൽ ചെയ്യാത്ത നേർച്ച തൂക്കങ്ങൾ അടുത്തവർഷം കാർത്തിക ദിവസം മുൻഗണനാക്രമത്തിൽ നടത്തുവാൻ സൗകര്യമൊരുക്കും എന്നും. ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തജനങ്ങൾ ജില്ലാ കളക്ടറുടെ സർക്കാരിനെയും നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ദേവസ്വം പ്രസിഡന്റ് സന്തോഷ് കുമാർ, സെക്രട്ടറി മോഹൻകുമാർ എന്നിവർ അറിയിച്ചു.