പത്തനംതിട്ട: ഒറ്റയടിക്ക് അഞ്ചുപേർക്കും പിന്നീട് നാല് പേർക്കും കൂടി കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ജനജീവിതം സ്തംഭിച്ച പത്തനംതിട്ട പതിയെ ആശ്വാസത്തിന്റെ ദിനങ്ങളിലേക്ക് മടങ്ങിയെത്തുന്നു. തുടക്കത്തിൽ ഒൻപത് പേരിൽ രോഗം കണ്ടെത്തിയെങ്കിലും തുടർന്ന് നിരീക്ഷണത്തിലായവരുടെ പരിശോധന ഫലം നെഗറ്റീവ് ആയത് ജനങ്ങളിലെ ഭയം അകറ്റിയിട്ടുണ്ട്. എന്നാൽ, രാജ്യമൊട്ടാകെയുളള ആശങ്കയുടെ അന്തരീക്ഷത്തിൽ ജില്ലയിൽ കടുത്ത ജാഗ്രതയ്ക്കും നിയന്ത്രണത്തിനും അയവ് വരുത്തിയിട്ടില്ല. ഏപ്രിൽ ഒന്നു വരെ നിർണായക ദിവസങ്ങളാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ഇറ്റലയിൽ നിന്ന് കഴിഞ്ഞ 29ന് കൊറോണ വാഹകരായി റാന്നിയിലെത്തിയ മൂന്നംഗ കുടുംബം അവരുടെ ബന്ധുക്കളായ ആറ് പേരിലേക്ക് കൊറോണ പകർന്നതോടെ ജനങ്ങൾ പരിഭ്രാന്തരായിരുന്നു. ഒൻപത് പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു. രോഗം കണ്ടെത്തിയ റാന്നിയിലെ കുടുംബങ്ങൾക്ക് പുറത്ത് നിരീക്ഷണത്തിലുളള ഒരാൾക്ക് പോലും ഇന്നലെ വരെ പരിശോധന ഫലം പോസിറ്റീവ് ആയിട്ടില്ലെന്നതാണ് ആശ്വാസമായത്. ഇതേ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ജനങ്ങൾ പൊതു നിരത്തുകളിലും കടകളിലുമെത്തിയിരുന്നു. എന്നാൽ കൊറോണ വ്യാപനത്തിന്റെ മൂന്നാം ഘട്ടം അതിനിർണായകമാണെന്ന ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മുന്നറിയിപ്പ് എത്തിയതോടെ തിരക്കൊഴിഞ്ഞു. കെ.എസ്.ആർ.ടി.സി, സ്വകാര്യബസുകൾ സർവീസ് കുറയ്ക്കുകയും കടകൾ നേരത്തെ അടയ്ക്കുകയും ചെയ്തു. ആളുകൾ കൂട്ടംകൂടിയാൽ കേസെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
റാന്നിക്കാരിൽ നിന്ന് പകരാനുളള സാദ്ധ്യത കുറഞ്ഞു
റാന്നിയിലെ രോഗബാധിതരിൽ നിന്ന് കൊറോണ വൈറസ് മറ്റുളളവരിലേക്ക് പകരാനുളള സാദ്ധ്യത കുറഞ്ഞതായി ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ. എ.എൽ.ഷീജ കേരളകൗമുദിയോടു പറഞ്ഞു. രാേഗം സ്ഥിരീകരിച്ചവരുടെ സഞ്ചാര പാത പിന്തുടർന്ന് നേരിട്ടും അല്ലാതെയും ഇടപഴകിയവരെ (പ്രൈമറി, സെക്കൻഡറി കോൺടാക്ടുകൾ) കണ്ടെത്തി എസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിശോധന ഫലത്തിൽ കൊറോണയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഏപ്രിൽ ആദ്യ ആഴ്ച വരെ നിർണായകമാണെന്ന് ഡോ. ഷീജ പറഞ്ഞു.
ആശങ്ക ഒഴിഞ്ഞിട്ടില്ല
വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിൽ എത്തുന്നവരുടെ കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് 1300 ആളുകളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 800 പേരും ജില്ലയിലെത്തിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയവരും അവരുമായി സമ്പർക്കം പുലർത്തിയവരുമായ മൂന്ന് പേരെയും ഗുജറാത്തിൽ നിന്ന് എത്തിയ ഒരാളെയും ഇന്നലെ ആശുപത്രികളിലെ എെസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
19പേർ ആശുപത്രികളിലും 5100 പേർ വീടുകളിലും നിരീക്ഷണത്തിൽ.
59 പേരെ ഡിസ്ചാർജ് ചെയ്തു.
178 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി.