അടൂർ : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷൻ സൗകര്യത്തിനായി അടൂരിൽ വിവിധ സ്ഥലങ്ങളിൽ 450 ആളുകളെ നിരീക്ഷണത്തിൽ പാർപ്പിക്കാനായി 6 കെട്ടിടങ്ങളിൽ സൗകര്യമൊരുക്കി. പന്തളത്തെ തീർത്ഥാടന അമിനിറ്റി സെന്റർ, പന്തളം എൻ. എസ്. എസ് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റൽ, അടൂർ ബിഎഡ് സെന്റർ, മണക്കാലയിലെ ഡിക്സൺ അപ്പാർട്ട്മെന്റ്, ആർ.കെ ഹോസ്റ്റൽ, പെനിയേൽ ഹോസ്റ്റൽ എന്നിവിടങ്ങളിലാണ് ക്രമീകരണം ഒരുക്കിയത്. കൂടാതെ പറന്തൽ ബൈബിൾ കോളേജും വിട്ടുനൽകാൻ സന്നദ്ധമാണെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു. പറന്തൽ ബൈബിൾ കോളേജിലെ സൗകര്യം കഴിഞ്ഞ ദിവസം എം. എൽ. എ നേരിൽ കണ്ട് വിലയിരുത്തി. അടൂർ ബി.എഡ് കോളേജ് കെട്ടിടം ഒഴിച്ചാൽ മറ്റെല്ലായിടത്തും കിടക്കയും അനുബന്ധ സംവിധാനങ്ങളും നിലവിലുണ്ട്. ബി. എഡ് കോളേജിൽ ആവശ്യമെന്ന് വന്നാൽ കിടക്കയുൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുന്നിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു. ഇതിന് പുറമേ അടൂർ ജനറൽ ആശുപത്രിയിലെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള പേവാർഡിലെ 10 മുറികൾ ഇതിനായി മാറ്റിയിട്ടിട്ടുണ്ട്. നേരത്തെ ഇവിടെ രണ്ട് രോഗികളെ നിരീക്ഷണത്തിലാക്കിയിരുന്നു. രക്ത പരിശോധനയിൽ നെഗറ്റീവ് എന്ന റിസൾട്ട് വന്നതോടെയാണ് ഇവരെ മടക്കിയത്. ഇതിന് ശേഷം സംശയവുമായി ആരും ജനറൽ ആശുപത്രിയിൽ എത്തിയില്ല.