പത്തനംതിട്ട : കൊറോണ മുൻകരുതലിന്റെ ഭാഗമായി വീടുകളിൽ കഴിഞ്ഞിരുന്ന നാലുപേർക്കു രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അവരെ ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. വിദേശത്തു നിന്നെത്തിയവരുമായി സമ്പർക്കം പുലർത്തിയ രണ്ടുപേർ, അമേരിക്കയിൽ നിന്നെത്തിയ വ്യക്തി, പൂനെയിൽ നിന്നെത്തിയ വ്യക്തി എന്നിവരെയാണ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. ഇവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിലും വലിയ ആരോഗ്യപ്രശ്‌നങ്ങൾ കാണിക്കുന്നില്ല. മൂന്നുപേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലുമാണു പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിൽ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 19 ആയി. ഇന്ന് വന്ന 18 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ട ചിലർ പുറത്തിറങ്ങി നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നിയമ നടപടി എടുക്കും. ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് പ്രകാരം ആളുകൾ കൂടുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചിലസ്ഥലങ്ങളിൽ കൂടുതൽ ആളുകൾ കൂട്ടംകൂടുന്നതായും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ചില സ്വകാര്യസ്ഥാപനങ്ങളും സ്‌കൂളുകളും ഉൾപ്പെടെ നിർദേശം ലംഘിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പരാതികൾ വിവിധങ്ങളായി തരംതിരിച്ച് നടപടികൾ എടുക്കും. ഡിസാസ്റ്റർ മാനേജ്‌മെറ്റ് ആക്ട് പ്രകാരം ആരാധനാലയങ്ങളിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽപേർ കൂടാൻ പാടുള്ളതല്ലെന്ന് നിർദേശം നൽകും.

പി.ബി നൂഹ്

ജില്ലാ കളക്ടർ