നാരങ്ങാനം: കോഴഞ്ചേരിമണ്ണാറക്കുളഞ്ഞി റോഡിൽ കോഴഞ്ചേരി പഴയ തെരുവിൽ ഉണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.റോഡിന്റെ നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഈ വെയിറ്റിംഗ് ഷെഡ് നീക്കം ചെയ്തത്.എന്നാൽ റോഡ് നിർമ്മാണം പൂർത്തിയായെങ്കിലും വെയിറ്റിംഗ് ഷെഡ് പുന:സ്ഥാപിച്ചില്ല. ഇവിടെ നിശ്ചിത അളവിലുള്ള വീതി റോഡിനില്ല എന്നതാണ് പ്രശ്‌നമായത്. ടാറിംഗിന്റെ വശങ്ങളിൽ പൂട്ടുകട്ട പാകി വൃത്തിയാക്കിയെങ്കിലും വെയിറ്റിംഗ് ഷെഡില്ലാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പൊരിഞ്ഞ വെയിലായാലും മഴയായാലും നാരങ്ങാനം ഭാഗത്തേക്ക്ബസ് കാത്ത് നിൽക്കുന്നവർ സഹിച്ച് നിൽക്കേണ്ട അവസ്ഥയാണിപ്പോൾ. നിലവിലുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് പുന:സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.