പന്തളം: കരിങ്ങാലി പുഞ്ചയിലെ നെല്ലിക്കൽ പാടശേഖരത്തിലെ തൊണ്ണൂറ് ഏക്കറിൽ ഇത്തവണയും നെൽകൃഷി ചെയ്തില്ല. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി തരിശായി കിടക്കുന്ന പാടത്ത് നെൽകൃഷി നടത്താൻ കർഷർ തയാറാണെങ്കിലും നെല്ലിക്കൽ ബണ്ട് പുനർനിർമ്മിക്കാത്തതാണ് തടസം.നാലു പതിറ്റാണ്ടുകൾക്കു മുമ്പു നിർമ്മിച്ച ബണ്ട് തകർന്നതോടെയാണ് ഈ ഏലായിലെ കർഷകർ കൃഷി ഉപേക്ഷിച്ചത്. വർഷ കാലത്ത് വെള്ളപ്പൊക്കത്തിൽ നിന്ന് മോചനത്തിനും വരൾച്ചക്കാലത്ത് വെള്ളം സംരക്ഷിച്ച് നിറുത്തണമെങ്കിലും ബണ്ട് നിർമ്മിച്ച് ബണ്ടിന്റെ മദ്ധ്യഭാഗത്ത് 10 മീറ്റർ വീതിയിൽ ചീപ്പ് സ്ഥാപിക്കണം.ബണ്ട് പുനർനിർമ്മിച്ചാൽ പുഞ്ചയിലെ കൃഷിക്കാവശ്യമായ വിത്തും വളവും വാഹനങ്ങളിൽ ഈ പാടശേഖരത്തിൽ എത്തിക്കാൻ കഴിയും,ഒപ്പം പാടം ഉഴുന്നതിനും,നടീലിനും,കൊയ്ത്തു മെതിക്കും യന്ത്രം കൊണ്ടുവരുന്നതിനും ഉതകും. ആയിരം ഏക്കറോളം ഉള്ളകരിങ്ങാലി പാടശേഖരത്തിലെ 700 ഏക്കറോളം പാടത്തിലെ ഇത്തവണ കൃഷി ചെയ്യുന്നുള്ളു. ബാക്കി തരിശായി കിടക്കുകയാണ്. അടുത്ത വർഷത്തോടെ പാടശേഖരങ്ങൾ പൂർണമായും കൃഷി ചെയ്യുന്നതിനു വേണ്ടിയുള്ള ശ്രമം നടക്കുന്നതായി കൃഷി വകുപ്പ് അധികൃതർ പറയുന്നു. നെല്ലിക്കൽ ബണ്ട് പുനർനിർമ്മിക്കുന്ന തിന് പ്രോജക്റ്റും എസ്റ്റിമേറ്റും തയാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് പന്തളം കൃഷി ഓഫീസർ എസ്.ശ്യാംകുമാർ പറഞ്ഞു.
-------------------------------------------------------------------------------------
പന്തളം നഗരസഭയിലെ 29, 31 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കരിങ്ങാലി പുഞ്ചയുടെ കുറുകെ 200 മീറ്ററോളം ദൈർഘ്യം വരുന്ന നെല്ലിക്കൽ ബണ്ട്
10 വർഷമായി തരിശായി കിടക്കുന്ന പാടം
നെൽക്കൃഷിനടത്താൻ കർഷകർ തയാർ
ഫലഭൂഷ്ടമായ മണ്ണ്
കരിങ്ങാലി പാടശേഖരത്തിൽ കൃഷിക്ക് മികച്ച ഏലാകളിൽ ഒന്നാണ് നെല്ലിക്കൽ. ഫലഭൂയിഷ്ഠമായ മണ്ണാണ് ഇവിടുത്തേത്. അതിനാൽ കൃഷി ചെയ്താൽ മികച്ച വിളവുമാണ് ഇവിടെ നിന്നും ലഭിക്കുന്നത്
കെ.എസ്.നീലകണ്ഠൻ
(നിലം ഉടമയും കർഷകനും)