പത്തനംതിട്ട : കൊറോണ വൈറസിനെതിരെ പ്രതിരോധം തീർക്കുമ്പോഴും മാസ്കോ സാനിറ്റൈസറോ ഇല്ലാതെ ബുദ്ധിമുട്ടുകയാണ് കെ.എസ്.ഇ.ബി ജീവനക്കാർ. സമൂഹവുമായി നിരന്തരം ഇടപ്പെടുന്ന വിഭാഗമാണ് കെ.എസ്.ഇ.ബി. പരാതികൾ പരിഹരിക്കാനും ബില്ലുകൾ നൽകാനും ദിവസവും പത്ത് മുതൽ നാൽപ്പതോളം വീടുകൾ ഇവർ സന്ദർശിക്കാറുണ്ട്. ഇവർക്കാണ് സൗകര്യങ്ങളും ഏർപ്പെടുത്താതെ അധികൃതർ അലംഭാവം കാട്ടുന്നത്. ജീവനക്കാർ സ്വയം രക്ഷയ്ക്ക് വേണ്ടി ഹാൻഡ് വാഷുകൾ വാങ്ങി ഉപയോഗിക്കുന്നുണ്ട്. റാന്നി സ്വദേശികൾക്ക് കൊറോണ സ്ഥിരീകരിച്ചപ്പോഴും ജീവനക്കാർ ജോലി ചെയ്തിരുന്നു. ഇപ്പോൾ പല വീടുകളും ഹോം ഐസലേഷൻ ആയതിനാൽ കനത്ത ചൂടിൽ അല്പം വെള്ളം പോലും കിട്ടാത്ത അവസ്ഥയാണെന്ന് ജീവനക്കാർ പറയുന്നു. രാജ്യം മുഴുവൻ കൊറോണയെ പ്രതിരോധിക്കുമ്പോൾ അധികൃതരുടെ കനത്ത അനാസ്ഥയാണിത്. ഐസോലേഷനിൽ കഴിയുന്നവരാണെങ്കിലും വൈദ്യുതിയില്ലാതെ ആർക്കും ഇപ്പോഴത്തെ സാഹചര്യത്തിൽ ജീവിക്കാൻ കഴിയില്ല. ഉടൻ തന്നെ കെ.എസ്.ഇ.ബി ഓഫീസിൽ വിളിക്കും അവർ ചെന്ന് പണിയെടുക്കുകയും ചെയ്യും. വിളിക്കുന്നവർ ഐസോലേഷനിലാണോയെന്ന് പോലും തങ്ങൾക്കറിയില്ലെന്ന് അവർ പറയുന്നു. അധികൃതർ എല്ലാം സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്.
"ആരോഗ്യ വകുപ്പ് പറഞ്ഞിരിക്കുന്ന എല്ലാ സൗകര്യങ്ങളും ജീവനക്കാർക്ക് നൽകുന്നുണ്ട്. സാനിറ്റൈസറും മാസ്കും പോലുള്ള സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചാണ് അവർ ജോലിചെയ്യുന്നത്. "
കെ.എസ്.ഇ.ബി അധികൃതർ
"ഇതുവരെ ഒന്നും തന്നിട്ടില്ല. സ്വന്തം രൂപയ്ക്ക് ഹാൻഡ് വാഷ് വാങ്ങി കൈകഴുകുന്നുണ്ട്. അധികൃതർ ഇതൊന്നും തന്നിട്ടുമില്ല നിർദേശവും ഇല്ല. നിരവധി സ്ഥലങ്ങലിൽ പോകുന്നവരാണ് ഞങ്ങൾ. പഴയ സാഹചര്യമാണെങ്കിൽ ഏതെങ്കിലും വീട്ടിൽ കയറി വെള്ളം എടുത്ത് കൈകഴുകാം. ഇപ്പോൾ അതും പറ്റാത്ത സ്ഥിതിയാണ്. "
ജീവനക്കാരൻ
ദിവസവും 40 വീടുകളോളം സന്ദർശിക്കുന്നു
അധികൃതരുടെ അനാസ്ഥയെന്ന് ജീവനക്കാർ