അടൂർ : ജനറൽ ആശുപത്രിയിൽ ഇന്നലെ മുതൽ നിയന്ത്രണങ്ങൾ കർശനമാക്കി. വാർഡുകളിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. കെ. എച്ച്. ആർ. ഡബ്ളിയു. എസി ന്റെ പേവാർഡിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു തുടങ്ങി. ഇനി മുതൽ മുറികൾ ആർക്കും നൽകില്ല. 24 മുറികളാണ് ഇവിടെയുള്ളത്. ആശുപത്രിയിലേക്ക് പ്രവേശിക്കുന്നവരുടെ പേരും മേൽവിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തിയശേഷം അണുനാശിനി ഉപയോഗിച്ച് കൈകഴുകിപ്പിച്ച ശേഷമേ പ്രവേശിപ്പിക്കൂ. ഇതിനായി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പ്രത്യേക വോളണ്ടിയർമാരുടെ സേവനം പ്രയോജനപ്പെടുത്തി. ഫാർമസി, ഒ.പി വിഭാഗങ്ങളിൽ രോഗികളെ കൂട്ടം കൂടി നിൽക്കാൻ അനുവദിക്കില്ല. പ്രത്യേക അകലം പാലിക്കണം. ഇത് ഉറപ്പാക്കാനായി സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. വാർഡുകളിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും പൂട്ടി. എമർജൻസിയായുള്ള ഒാപ്പറേഷനുകൾ മാത്രമേ ഇനിമുതൽ നടത്തൂ എന്ന് സൂപ്രണ്ട് ഡോ. സുഭഗൻ അറിയിച്ചു.