പത്തനംതിട്ട : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പുനർക്രമീകരിച്ച കെ.എസ്.എഫ്.ഇ ചിട്ടികളുടെ ലേലം ആൾക്കൂട്ടത്തിന് വഴിയൊരുക്കും. ഇത് ജീവനക്കാരെയും ഇടപാടുകാരെയും ആശങ്കയിലാഴ്ത്തുന്നു. പൊതുജന സമ്പർക്കം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇൗ മാസം 16 മുതൽ 25 വരെയുള്ള ദിവസങ്ങളിലെ ചിട്ടികളുടെ ലേലം നിറുത്തിവച്ചു പുനർക്രമീകരിച്ചത്.
14, 15 തീയതികളിലെ ലേലം 26നും 16,17,18,19 തീയതികളിലെ ലേലം 27നും 20, 21, 22 തീയതികളിലെ ലേലം 28നും 23,24, 25 തീയതികളിലെ ലേലം 30നും നടത്താനാണ് തീരുമാനം. ലേലത്തിനായി അനുവദിച്ചിട്ടുള്ള നാല് ദിവസങ്ങളിൽ (28ന്) ശനിയാഴ്ച അവധിയുമാണ്. ഇൗ സാഹചര്യത്തിൽ അവശേഷിക്കുന്ന മൂന്ന് ദിവസങ്ങളിൽ കൂടുതൽ ലേലം നടത്തേണ്ടതായി വരും.
തിരുവല്ലാ ബ്രാഞ്ചിൽ തന്നെ ഏകദേശം 67 ചിട്ടികൾ ലേലം ചെയ്യണം. ശരാശരി ആറ് പേർ എങ്കിലും ഒരു ലേലത്തിൽ പങ്കെടുക്കാം. ഇങ്ങനെയെങ്കിൽ 400ൽ അധികം ആളുകൾ ലേലത്തിന് കെ.എസ്.എഫ്.ഇ ശാഖകളിൽ എത്താം.
കൂടുതൽ അംഗങ്ങളുള്ള മൾട്ടി ഡിവിഷൻ ചിട്ടികളിൽ ഒരു ലേലത്തിൽ പങ്കെടുക്കാൻ 25ൽ അധികം ആളുകൾ എത്താറുണ്ട്.
കോഴഞ്ചേരി, പന്തളം, പത്തനംതിട്ട ,റാന്നി, മല്ലപ്പള്ളി, അടൂർ എന്നീ വലിയ ബ്രാഞ്ചുകളിലും ഏകദേശം 50 ന് മുകളിൽ ലേലം ഈ മൂന്ന് ദിവസങ്ങളായി നടത്തേണ്ടിവരും. വിവിധയിടങ്ങളിൽ നിന്ന് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് വന്നെത്തുന്ന ആൾക്കൂട്ടം ഫലത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനത്തിന് എതിരാകും. കൊറോണ വൈറസ് ബാധിതരെ കണ്ടെത്തിയ പ്രദേശങ്ങളിൽ നിന്നുവരെ ആളുകൾ എത്തിയേക്കാം. പ്രത്യേക ഓർഡർ ഇറക്കി ലേലം മാറ്റിവച്ചാൽ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാനാകും.
ചിട്ടികളുടെ ലേലം നടക്കുന്നത് കൊറോണ വൈറസ് പ്രതിരോധത്തിന്റെ മൂന്നാം ഘട്ടത്തിൽ
"ലേലത്തിന് ആളുകൾ നേരിട്ട് ഹാജരാകണമെന്നില്ല. പ്രോക്സി തയാറാക്കി നൽകിയാലും മതി. 31 ന് മുമ്പ് ലേലം നടത്തണം. മാറ്റിവയ്ക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ലേലത്തിനായി കാത്തിരിക്കുന്നവരും ഉണ്ട്. "
അഡ്വ. പീലിപ്പോസ് തോമസ്
കെ.എസ്.എഫ്.ഇ ചെയർമാൻ