അവർക്കായി സ്‌നേഹം കൈപ്പടയിലാക്കി
മെഡിക്കൽ വിദ്യാർത്ഥികൾ

''നാടിന്റെ നന്മയ്ക്കായുള്ള ഈ ത്യാഗത്തിന് ഒത്തിരി നന്ദി...ഒറ്റയ്ക്കല്ല കൂടെയുണ്ട് ഞങ്ങൾ..., ഒറ്റപ്പെടൽ അല്ല... ഒരുപാട് ആളുകളുടെ നന്മയ്ക്കായുള്ള മാറിനിൽക്കൽ ആണ്... നന്ദി...''

സ്‌നേഹത്തിന്റെയും കരുതലിന്റെയും മാനസിക പിന്തുണയുടേയും നൂറുനൂറു സന്ദേശങ്ങളിൽ ചിലതാണിത്. കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ വീടുകളുടെ നാലുചുവരുകൾക്കുള്ളിൽ കഴിയുന്നവർക്ക് സ്വന്തം കൈപ്പടയിൽ കത്തുകൾ തയ്യാറാക്കി സമൂഹത്തിന് മാതൃകയാകുകയാണ് തിരുവല്ല ബിലിവേഴ്‌സ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിക്കൽ വിദ്യാർത്ഥികൾ.

വ്യത്യസ്ഥങ്ങളായ 637 കുറിപ്പുകളാണ് ബിലിവേഴ്‌സ് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്‌മെന്റിലെ ആറ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ 25 എം.ബി.ബി.എസ് വിദ്യാർത്ഥികൾ തയ്യാറാക്കിയത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം. കത്തുകൾ കമ്മ്യുണിറ്റി ഹെൽത്ത് സെന്ററുകൾ വഴി വീടുകളിൽ എത്തിക്കും.

(ജില്ലാ കളക്ടർ പി.ബി.നൂഹ് ഫേസ് ബുക്കിൽ കുറിച്ചത്)