തിരുവല്ല: കൊറോണ വൈറസ് ബാധയെ തുടർന്ന് സ്‌കൂളുകളിൽ വാർഷികവും യാത്രയയപ്പും ഒന്നുമില്ലാത്ത മാർച്ച് മാസമാണ് ഇത്തവണ കടന്നുപോകുന്നത്. വിദ്യാർത്ഥികളുടെ പരീക്ഷകളും ഉപേക്ഷിച്ചതോടെ സ്‌കൂളുകൾ അടച്ചുപൂട്ടി. സാമ്പത്തിക വർഷാന്ത്യത്തിൽ മാർച്ച്‌ 31നു ടാർഗറ്റ് തികയ്ക്കാൻ എങ്ങോട്ട് ഓടണമെന്ന് അറിയാതെ ഇരിക്കുന്ന സെയിൽസ് ഏജന്റ്സും ബിസിനസ് എക്സിക്യൂട്ടീവുകളും ആശങ്കയിലായി. വേളാങ്കണ്ണി, മലയാറ്റൂർ തുടങ്ങിയ തീർത്ഥാടനം ഒരുക്കിയിട്ട് ക്യാൻസലായി പോയ ട്രിപ്പ്‌ ഓർത്തിരിക്കുന്ന ടൂറിസ്റ്റ് ബസുകാർ ഏറെയുണ്ട്. കല്യാണം ഉൾപ്പെടെയുള്ള ചടങ്ങുകൾ പലതും ലളിതമാക്കുകയും മാറ്റിവയ്ക്കുകയും ചെയ്തതോടെ കിട്ടിയ ഓർഡറുകൾ പലതും ക്യാൻസൽ ആക്കേണ്ടിവന്ന കാറ്ററിംഗ് സ്ഥാപനങ്ങൾ. തീവ്രപരിശീലനം എന്നുപറഞ്ഞു ക്ലാസ്സ്‌ തുടങ്ങിട്ട് ക്ലാസ്സ്‌ നടത്താൻ വഴിയില്ലാത്ത കോച്ചിംഗ് സ്ഥാപനങ്ങൾ. എടുത്തുവെച്ച ലോട്ടറി ടിക്കറ്റ് പോലും വിൽക്കാൻ വഴിയില്ലാത്ത പാവം ഭാഗ്യക്കുറി കച്ചവടക്കാർ. ഒരു ഓട്ടം എങ്കിലും കിട്ടുമെന്ന് പ്രതീക്ഷയിൽ രാപകൽ വെയിൽ കൊണ്ടുകിടക്കുന്ന ഓട്ടോ ഡ്രൈർമാർ. ഓട്ടം വിളിച്ചാലും കൊറോണ പേടികാരണം പോകാൻ ആശങ്കപ്പെടുന്ന ടാക്സിക്കാർ. ഡിമാന്റേറിയ മാസ്ക്കും സാനിട്ടൈസറും ഒക്കെ അധികം എടുത്ത് വെക്കാത്തത് മണ്ടത്തരമായിപ്പോയല്ലോ എന്നോർത്തിരിക്കുന്ന മെഡിക്കൽ സ്റ്റോർ ഉടമകൾ. പൊരിവെയിലത്തു നടന്നിട്ടും വില്പനയില്ലാത്ത വഴിയോര കച്ചവടക്കാർ. ഉത്സവ സീസണിൽ ആഘോഷങ്ങൾ ഒഴിവാക്കിയതോടെ ചിന്തികടകളും കൊറോണയിൽ കുടുങ്ങി. അവധി കിട്ടിയിട്ടും യാത്ര പോകാനാകാതെ വീട്ടിൽതന്നെ കുട്ടികളുമായി ചെലവഴിക്കേണ്ടവന്ന അമ്മമാർ. രാപകൽ ഇല്ലാതെ അപ്‌ഡേഷൻസിനു വേണ്ടി ഓടുന്ന മാദ്ധ്യമപ്രവർത്തകർ, വിശ്രമമില്ലാതെ കരുതലോടെ പണിയെടുക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാരും, ഉദ്യോഗസ്ഥരും. വില കുറഞ്ഞിട്ടും ചിക്കൻ കച്ചവടം ഇല്ലാത്ത തട്ടുകടക്കാർ. അവധി കിട്ടിയിട്ടും നാട്ടിലേക്ക് വരാൻ കഴിയാതെ പെട്ടിരിക്കുന്ന വിദേശ മലയാളികൾ. ലീവ് കിട്ടി നാട്ടിൽ വന്നിട്ടും മിണ്ടാൻപോലും ആരെയും കിട്ടാതെ പരമപുച്ഛം സഹിക്കേണ്ടിവരുന്ന പ്രവാസികൾ, പിള്ളേരുവരെ വീട്ടിൽ ഉണ്ടായിട്ടും ഒരു ഗുണവും ഇല്ലാതെ പൂട്ടികെട്ടി ഇരിക്കേണ്ടി വന്ന തീയേറ്ററുകാരും പാർക്ക് നടത്തിപ്പുകാരും. ആഘോഷമായി കല്യാണം നടത്താൻ പോലും കഴിയാത്ത വീട്ടുകാർ. ഇതൊക്കെയാണ് കോറോണക്കാലത്തെ ജനജീവിതം. അതിജീവനത്തിന്റെ ചരിത്രത്തിൽ എഴുതിച്ചേർക്കേണ്ട ഈ ദിനങ്ങളും കടന്നുപോകുമെന്നു പ്രത്യാശിക്കാം.