തിരുവല്ല: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താലൂക്കിൽ 280 പേരെ കൂടി ഇന്നലെ ഗാർഹിക നിരീക്ഷണത്തിലാക്കി. കൊറോണ ബാധ ശക്തമായ ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി ട്രെയിൻ മാർഗം തിരുവല്ലയിൽ എത്തിയവരാണ് ഇവർ. ഇവരിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ ഇല്ല. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ 602 പേരെയാണ് ഇന്നലെ മാത്രം പരിശോധനകൾക്ക് വിധേയരാക്കിയത്. ഇവരിൽ നിന്നുള്ള 280 പേരാണ് പുതിയതായി നിരീക്ഷണത്തിലായിരിക്കുന്നത്. നഗരസഭാ പരിധിയിലും അഞ്ച് പഞ്ചായത്തുകളിലുമായി 477 പേരാണ് ഗാർഹിക നിരീക്ഷണത്തിലുള്ളത്. ഇതിൽ പനിയുടെ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയ ഒരാളുടെ സാമ്പിൾ ശേഖരിച്ചു പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു.