തിരുവല്ല: ലോകമാകെ കൊറോണ വൈറസ് ബാധ പടർന്നു പിടിക്കുമ്പോൾ സമാനതകളില്ലാത്ത സാഹചര്യങ്ങളെയാണ് ജനം നേരിടുന്നത്. ഇന്ന് രാവിലെ ഏഴുമുതൽ രാത്രി 9വരെ നടക്കുന്ന ജനതാ കർഫ്യുവിനു മുന്നോടിയായി അവശ്യ സാധനങ്ങളെല്ലാം വാങ്ങി വീടുകളിൽ പോകുന്ന കാഴ്ചയായിരുന്നു ഇന്നലെ പലയിടത്തും. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെല്ലാം പിന്തുണ നൽകിയതോടെ ജനതാ കർഫ്യു സമ്പൂർണ്ണമായേക്കും. കൊറോണ രോഗം ജില്ലയിൽ സ്ഥിരീകരിച്ചപ്പോൾതന്നെ പുറത്തിറങ്ങാൻ ജനങ്ങൾ ഭയപ്പെട്ടു തുടങ്ങിയിരുന്നു. ചില ദിവസങ്ങളിൽ ഹർത്താൽ പ്രതീതി അനുസ്മരിപ്പിക്കും വിധമായി ജില്ലയിലെ നിരത്തുകളെല്ലാം. മിക്ക കടകളും കച്ചവടമില്ലാതെ അടച്ചിടുന്ന സ്ഥിതിയായി. വലിയ ഓഫറുകൾ കൊടുത്തിട്ടും ആളെകിട്ടാതെ വമ്പൻ കച്ചവടക്കാർപോലും പിടിച്ചുനിൽക്കാൻ പാടുപെടുന്നു.