21nooh

പത്തനംതിട്ട : ജില്ലയിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ താമസിപ്പിക്കുന്നതിനായി കൂടുതൽ ഐസലേഷൻ വാർഡുകൾ ക്രമീകരിക്കുന്നതിനായി ജില്ലാ കളക്ടർ പിബി.നൂഹ്, തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയൽ, എൻ.എച്ച്.എം ഡി.പി.എം ഡോ. എബി സുഷൻ എന്നിവരുടെ നേതൃത്വത്തിൽ പെരുനാട് കാർമൽ എൻജിനീയറിംഗ് കോളേജ്, തിരുവല്ല ബിലിവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടാൻ വേണ്ട മുൻകരുതലെന്ന നിലയിലാണ് ഇത്തരത്തിലുള്ള ക്രമീകരണം നടത്തുന്നത്. കാർമൽ എൻജിനീയറിംഗ് കോളജിൽ നിന്ന് 250 മുറികൾ ലഭ്യമാകും. കൂടുതൽ അടിയന്തര സാഹചര്യമുണ്ടായാൽ തിരുവല്ല ബിലിവേഴ്‌സ് ആശുപത്രിയിലെ ബോയ്‌സ്, ഗേൾസ് ഹോസ്റ്റലിലെ 500 മുറികൾ നൽകാൻ തയാറാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലും കുറഞ്ഞത് 150 മുറികളുള്ള ഐസലേഷൻ വാർഡുകൾ കണ്ടെത്തുകയാണ് ലക്ഷ്യം. കാർമൽ എഞ്ചിനീയറിംഗ് കോളജ് വൃത്തിയാക്കി എത്രയും പെട്ടെന്ന് ഐസലേഷന് സജ്ജമാക്കുമെന്നും കളക്ടർ പറഞ്ഞു. മുറികളുടെ ക്രമീകരണം, വെളളത്തിന്റെ ലഭ്യത തുടങ്ങിയ സജ്ജീകരണങ്ങൾ വിലയിരുത്തി.
ബിലീവേഴ്‌സ് ചർച്ച് അഡ്മിനിസ്‌ട്രേറ്റർ ഫാ. സിജോ പന്തപ്പള്ളി, ബിലിവേഴ്‌സ് കാർമ്മൽ എൻജിനീയറിംഗ് കോളേജ് ചെയർമാൻ ഫാ. സി.ബി വില്യംസ്, തിരുവല്ല തഹസിൽദാർ ജോൺ വർഗീസ്, റാന്നി തഹസിൽദാർ സാജൻ വി.കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.