പത്തനംതിട്ട : കൊറോണ വൈറസ് ബാധ തടയാനുള്ള നടപടികളുടെ ഭാഗമായി മാസ്‌കുകളുടെയും ഹാൻഡ് സാനിറ്റൈസറിന്റെയും ചില്ലറ വിൽപ്പനവില, 1955ലെ അവശ്യ സാധന നിയമപ്രകാരം വിജ്ഞാപനത്തിലൂടെ നിശ്ചയിച്ചിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ എം.എസ്. ബീന അറിയിച്ചു. വിജ്ഞാപനപ്രകാരം, മാസ്‌കുകളുടെ വില ഫെബ്രുവരി 12ന് നിലവിലുണ്ടായിരുന്ന വിൽപനവിലയിലും കൂടാൻ പാടില്ല. ഇതുപ്രകാരം, മൂന്ന്‌ പ്ലൈ സർജിക്കൽ മാസ്‌കിന് 10 രൂപയും രണ്ട്‌ പ്ലൈ മാസ്‌കിന് എട്ടു രൂപയും(12.2.2020ൽ വില ഇതിലും താഴെയാണെങ്കിൽ ആ വിലയാകും ബാധകം) ആയിരിക്കും ചില്ലറ വിൽപ്പനവില. 200 മില്ലി ലിറ്റർ ഹാൻഡ് സാനിറ്റൈസറിന്റെ വില 100 രൂപയിലും അധികമാകാൻ പാടില്ല. 200 മില്ലി ലിറ്ററിലും അധികം അളവുള്ളതിന്റെ വില ഈ വിലയ്ക്ക് ആനുപാതികമായിരിക്കും. 2020 ജൂൺ 30 വരെ ഈ വിജ്ഞാപനത്തിന് പ്രാബല്യമുണ്ട്.