ചെങ്ങന്നൂർ: തിരക്കിനെ തുടർന്ന് സൂപ്പർ മാർക്കറ്റ് പൂട്ടി. ചെങ്ങന്നൂർ ബഥേൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റാണ് തിരക്കിനെ തുർന്ന് പൂട്ടിയത്. ഇന്നലെ രാവിലെ നോട്ടീസ് നൽകിയെങ്കിലും തിരക്ക് വർദ്ധിച്ചതോടെ ഉച്ചയോടെ പൂട്ടിയ്ക്കുകയായിരുന്നു. നഗരസഭ ചെയർമാൻ കെ.ഷിബുരാജൻ,ഡപ്യൂട്ടി തഹസിൽദാർ ജോബിൻ കെ.ജോർജ്,സി.ഐ. എം.സുധിലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പല തവണ സ്ഥലം സന്ദർശിച്ച് നിർദ്ദേശം നൽകിയിട്ടും സെക്യൂരിറ്റിക്കാർക്കും, ജീവനക്കാർക്കും തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. സൂപ്പർ മാർക്കറ്റുകളുടെ മുൻഭാഗങ്ങളിൽ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തതിനാൽ അതുവഴിവന്ന ഫയർഫോഴ്സ് വാഹനം കടന്നുപോകാൻ സാധിക്കാതെ വന്നു. ഇതേതുടർന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജന്റെ നിർദ്ദേശാനുസരണം ഹെൽത്ത് ഇൻസ്‌പെക്ടർടി.രാജനാണ് സൂപ്പർ മാർക്കറ്റ് അടക്കാൻ ബസപ്പെട്ടവർക്ക് നിർദ്ദേശം നൽകിയത്. രാവിലെ മുതൽ ആരോഗ്യ വകുപ്പും പൊലീസും നൽകിയ മുന്നറിയിപ്പ് മറികടന്നും, ആലപ്പുഴ ജില്ലയിൽ ഇന്ന് ഉച്ചമുതൽ കളക്ടറുടെ കർശന നിർദേശം മറികടന്നും മാൾ പ്രവർത്തിക്കുന്നതറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ സ്ഥലത്തെത്തി സമരം നടത്തിയിരുന്നു.നിയോജക മണ്ഡലം സതീഷ് ചെറുവല്ലൂർ,മേഖല സെക്രട്ടറി ബി.കൃഷ്ണകുമാർ, നിയോജക മണ്ഡലം ജന:സെക്രട്ടറി പ്രമോദ് കാരയ്ക്കാട് എന്നിവർ നേതൃത്വം നൽകി.