കോന്നി: ജനതാ കർഫ്യൂ ദിനത്തിൽ വീടും പരിസരവും ശുചീകരിച്ച് കെ.യു.ജനീഷ് കുമാർ എം.എൽ.എ മാതൃകയായി . രാവിലെ തന്നെ സീതത്തോട്ടിലെ വീടും തുടർന്ന് പരിസര പ്രദേശങ്ങളും ശുചീകരിച്ചു. ഭാര്യയും മക്കളുമൊക്കെ പങ്കാളികളായി. ആദ്യം വീട്ടിലെ സ്വീകരണമുറിയാണ് അണുവിമുക്തമാക്കിയത്. തുടർന്ന് കിടപ്പുമുറികളും അടുക്കളയും ശുചിമുറികളുമൊക്കെ വൃത്തിയാക്കി. പിന്നീ‌ട് പറമ്പിലേക്കിറങ്ങി. ഫോണിൽ വിവിധ ആവശ്യങ്ങൾക്ക് വിളിച്ചവരെയെല്ലാം കർഫ്യൂ ദിനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചു. കർഫ്യൂ കോന്നി ജനത പൂർത്തമായും ഏറ്റെടുത്തെന്ന് എം.എൽ.എ പറഞ്ഞു. എല്ലാവരും നിർദ്ദേശങ്ങളോട് അനുകൂലമായി പെരുമാറി. ആരും ഭയക്കേണ്ട സാഹചര്യമില്ല. നിയോജക മണ്ഡലത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമാണ്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും വാർഡുതല യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്. ആരോഗ്യ വകുപ്പിന് പുറമെ സന്നദ്ധ സംഘടനകളും യുവജന പ്രസ്ഥാനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ പൂർണ്ണ സജ്ജമാണ്. നിലവിൽ പേടിക്കേണ്ട സാഹചര്യങ്ങളില്ല. കർഫ്യൂവുമായി സഹകരിച്ച എല്ലാവർക്കും എം.എൽ.എ നന്ദി അറിയിച്ചു.