പത്തനംതിട്ട: കൊറോണയെ പ്രതിരോധിക്കാൻ കർഫ്യു ദിനത്തിൽ ജില്ലയിലും ജനങ്ങൾ ഒന്നിച്ചു. പ്രതിരോധ പ്രവർത്തനത്തിനായി സമർപ്പിത സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ച് നാടാകെ കൈയടിച്ചു, മണി കിലുക്കി, പാത്രങ്ങൾ കൂട്ടിയടിച്ചു, വാദ്യഘോഷങ്ങൾ മുഴക്കി. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ആഹ്വാനങ്ങൾ ജില്ലയിലെ ജനങ്ങളും നെഞ്ചേറ്റി.

എം.എൽ.എമാരും രാഷ്ട്രീയ നേതാക്കളും വീടുകൾ ശുചിയാക്കുകയും വൈകിട്ട് കുടുംബസമേതം കൈകൊട്ടി ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിക്കുകയും ചെയ്തു. പൊലീസ്, ഫയർഫോഴ്സ് വാഹനങ്ങൾ സൈറൺ മുഴക്കി ആരോഗ്യ പ്രവർത്തിർക്ക് അഭിവാദ്യം നൽകി.

കർഫ്യുവിൽ നഗരങ്ങളും നിരത്തുകളും ഒഴിഞ്ഞു കിടന്നു. ആരോഗ്യപ്രവർത്തകരുടെയും പൊലീസിന്റെയും വാഹനങ്ങളും അത്യാവശ്യ കാര്യങ്ങൾക്കുളള സ്വകാര്യ വാഹനങ്ങളുമാണ് റോഡിലിറങ്ങിയത്. സ്വകാര്യ വാഹനങ്ങൾ തടഞ്ഞ പൊലീസ് അത്യാവശ്യമുളളത് മാത്രമാണ് കടത്തിവിട്ടത്. വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. നഗരത്തിൽ കുലശേഖരപേട്ടയിൽ ഇന്നലെ രാവിലെ കടകൾ തുറക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു.

കെ.എസ്.ആർ.ടി.സി, സ്വകാര്യബസുകൾ ഒന്നും ഒാട‌ിയില്ല. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ബസ് സ്റ്റാന്റുകളും പൊതു ഇടങ്ങളും കഴുകി വൃത്തിയാക്കി.