അടൂർ : തീർത്തും നിശബ്ദമായ അന്തരീക്ഷമായിരുന്ന ഗ്രാമ - നഗരങ്ങളിൽ. ഹർത്താൽ ആഹ്വാനങ്ങളെ തള്ളി ഇരുചക്ര, സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്ന പതിവ് കാഴ്ചപോലും ഇന്നലെ ഉണ്ടായില്ല. വിമാനത്താവളങ്ങളിൽ നിന്നും ദീർഘദൂര ട്രെയിനുകളിലും വന്നവരെ വീടുകളിൽ എത്തിക്കുന്നതിനുള്ള സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഇന്നലെ നിരത്തിലിറങ്ങിയത്. കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞു കിന്നു. എം. സി റോഡും കെ.പി റോഡും സന്ധിക്കുന്ന അടൂർ ഇന്നലെ തീർത്തും വിജനമായിരുന്നു. റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എന്നിവിടങ്ങളിൽ എത്തിയവരെ വീടുകളിൽ എത്തിക്കുന്നതിനുള്ള സ്വകാര്യ വാഹനങ്ങൾ മാത്രമാണ് വല്ലപ്പോഴും നിരത്തുകളിൽ പ്രത്യക്ഷമായത്. ഇൗ വാഹനങ്ങൾ നിരീക്ഷിക്കുന്നതിനും യാത്രാക്കരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനുമായി കെ. എസ്. ആർ. ടി. സി കോർണറിലും ബൈപാസിലും ആരോഗ്യവിഭാഗത്തിന്റെ പ്രത്യേക ടീമുകൾ പ്രവർത്തിച്ചു. എയർ പോർട്ടിൽ നിന്ന് എത്തിയ പത്തിലധികം വന്ന വാഹനയാത്രികർ രോഗവ്യാപനം തടയാൻ എ.സി ഉൾപ്പെടെയുള്ളവ ഒാഫ് ചെയ്ത് ഗ്ളാസ് തുറന്നിട്ട് യാത്ര ചെയ്യാൻ പ്രത്യേക നിർദ്ദേശവും സംഘം നൽകി. ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ അടൂർ കെ.. എസ്. ആർ. ടി. സി ഡിപ്പോയിലെ എല്ലാ ബസുകളും അണുവിമുക്തമാക്കി. ആശുപ്രത്രികൾ സാധാരണപോലെ പ്രവർത്തിച്ചെങ്കിലും രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു. എമർജൻസി വിഭാഗങ്ങളിൽ മാത്രമാണ് ഏതാനും രോഗികൾ എത്തിയത്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി ഇന്നലെ വൈകിട്ട് 5 മണിക്ക് പലയിടങ്ങളിലും കൈകൊട്ടിയും പ്ളേറ്റുകൾ കൂട്ടിയടിച്ചും മണിശബ്ദം ഉയർത്തിയും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.